Sunday, November 24, 2024

ഭാരതത്തിന്റെ വിശ്വകവി, രബീന്ദ്രനാഥ ടാഗോര്‍

സ്വാതന്ത്ര്യ സമരസേനാനി, ഇന്ത്യന്‍ ദേശീയ ഗാനത്തിന്റെ കര്‍ത്താവ്, ഇന്ത്യക്കാരനായ ആദ്യത്തെ നോബല്‍ സമ്മാന ജേതാവ്, ശാന്തിനികേതന്‍ സ്ഥാപകന്‍ എന്നിങ്ങനെ നീണ്ടു പോകുന്നു രബീന്ദ്രനാഥ ടാഗോറിന്റെ വിശേഷണങ്ങള്‍. 1861 മെയ് 7-ന് കൊല്‍ക്കത്തയിലാണ് രബീന്ദ്രനാഥ ടാഗോര്‍ ജനിച്ചത്. പിതാവ് മഹര്‍ഷി ദേവേന്ദ്രനാഥ ടാഗോര്‍. മാതാവ് ശാരദാ ദേവി. പ്രമുഖ ബംഗാളി കഥാകൃത്ത് സ്വര്‍ണകുമാരി രവീന്ദ്രനാഥ ടാഗോറിന്റെ സഹോദരിയാണ്. 1883ല്‍ പത്തുവയസ്സുള്ള ഭാവതാരിണിയെ ടാഗോര്‍ വിവാഹം ചെയ്തു. ഭാവതാരിണിയെന്ന പേര് പിന്നീട് മൃണാളിനി എന്നാക്കി മാറ്റി. നാടകത്തിലും വ്യത്യസ്ത സംഗീത പ്രകടനങ്ങളിലും അദ്ദേഹം പതിവായി പങ്കെടുത്തതിനാല്‍ അദ്ദേഹത്തിന്റെ വളര്‍ച്ചയും വികാസവും കലയോടൊപ്പമായിരുന്നു. അദ്ദേഹത്തിന്റെ ചില സഹോദരങ്ങളും കലാ ലോകത്ത് വേറിട്ടു നിന്നു. 1941 ആഗസ്റ്റ് മാസം 7-ാം തിയതിയാണ് ടാഗോര്‍ അന്തരിച്ചത്.

വിശേഷണങ്ങള്‍

ഒരു സ്വാതന്ത്ര്യ സമര സേനാനി എന്നതിന് പുറമെ കവി, നാടകകൃത്ത്, ചെറുകഥാകാരന്‍, നോവലിസ്റ്റ്, ഗാനരചയിതാവ്, ബാലസാഹിത്യകാരന്‍, സംഗീതജ്ഞന്‍, ചിത്രകാരന്‍, തത്ത്വചിന്തകന്‍, വിദ്യാഭ്യാസ ചിന്തകന്‍ എന്നീ നിലകളിലും ടാഗോര്‍ പ്രശസ്തനായിരുന്നു.

സാഹിത്യ സൃഷ്ടികള്‍

1878 ല്‍ പുറത്തിറക്കിയ കവി കാഹിനിയാണ് ആദ്യ കവിതാ സമാഹാരം. 1878ല്‍ ഉന്നത വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടുവെങ്കിലും പിന്നീട് അതില്‍ താല്‍പര്യം തോന്നാതെ 17 മാസങ്ങള്‍ക്ക് ശേഷം തിരിച്ചു വരികയാണ് ചെയ്തത്. കവിയും തത്വചിന്തകനുമായിരുന്നു ടാഗോര്‍. 1874ല്‍ ‘തത്ത്വബോധിനി’ എന്ന പത്രികയില്‍ പ്രസിദ്ധീകരിച്ച ‘അഭിലാഷ്’ ആണ് ടാഗോറിന്റെ ആദ്യ പ്രസിദ്ധീകൃത കവിത. ‘ഭിഖാരിണി’യാണ് ടാഗോര്‍ ആദ്യമായി എഴുതിയ ചെറുകഥ. കുടുംബപത്രമായ ‘ഭാരതി’യില്‍ 1877-ല്‍ ഇത് പ്രകാശിതമായി. ചിന്നപത്ര, സമാപ്തി, കാബൂളിവാല, പൈലാ നമ്പര്‍ എന്നിവ ടാഗോറിന്റെ പ്രശസ്ത ചെറുകഥകളാണ്. 1880-ല്‍ ‘വാത്മീകിപ്രതിഭ’ എന്ന നാടകം രചിക്കുകയും അതില്‍ വാത്മീകിയായി അഭിനയിക്കുകയും ചെയ്തു.

1912ല്‍ ഗീതാഞ്ജലി ബംഗാളി ഭാഷയില്‍ പ്രസിദ്ധീകരിച്ചു. ഇത് ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയപ്പോഴാണ് ജനശ്രദ്ധ നേടിയത്. ഗോറ എന്ന ഒരു നോവലും അദ്ദേഹത്തിന്റേതായിട്ടുണ്ട്. മാനസി, സോനാല്‍തരി, പരിശേഷ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന കൃതികള്‍. ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയ ‘സര്‍’ സ്ഥാനം ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് അദ്ദേഹം തിരിച്ചു നല്‍കി.

മൂന്നു രാജ്യങ്ങള്‍ക്ക് ദേശീയ ഗാനം രചിച്ച ഏക വ്യക്തി

ഇന്ത്യയുടെ ദേശീയഗാനത്തിനു പുറമേ, ബംഗ്ലാദേശിന്റെ ദേശീയഗാനവും ശ്രീലങ്കയുടെ ദേശീയഗാനവും ടാഗോറിന്റെ രചനയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. സ്വതന്ത്ര ഭാരതത്തിനായി ‘ ജന ഗണ മന’ ബംഗ്ലാദേശിനായി ‘ അമാര്‍ സോനാ ബംഗ്ലാ’ ശ്രീലങ്കയ്ക്കായി ബംഗാളിയിലെഴുതി പിന്നീടവര്‍ സിംഹള ഭാഷയിലേക്ക് തര്‍ജ്ജിമ ചെയ്ത ദേശീയഗാനം എന്നിവയടക്കം മൂന്ന് ദേശീയ ഗാനങ്ങളിലൂടെ ടാഗോര്‍ നിറഞ്ഞു നില്‍ക്കുന്നു.

സംഗീതത്തിലുള്ള അസാമാന്യ പാണ്ഡിത്യമായിരുന്നു ടാഗോറിന്റെ മറ്റൊരു പ്രത്യേകത. 2000 ഗീതങ്ങള്‍ രചിച്ചു. രബീന്ദ്ര സംഗീതം എന്ന നിലയില്‍ അവ പ്രസിദ്ധിയാര്‍ജ്ജിച്ചു. ഒപ്പം ഇംഗ്ലീഷ്, ഐറിഷ്, സ്‌ക്കോട്ടിഷ് ഗ്രാമീണ സംഗീതത്തിനോടും ടാഗോറിന് വലിയ ഇഷ്ടമായിരുന്നു.

നോബേല്‍

നാടകം, സംഗീതം, കഥപറച്ചില്‍ തുടങ്ങി പല മേഖലകളിലും മികവ് പുലര്‍ത്തിയ ടാഗോറിന് 1913 ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. ഈ അവാര്‍ഡ് ലഭിച്ച ആദ്യത്തെ യൂറോപ്യന്‍ ഇതര വ്യക്തിയായും അദ്ദേഹം മാറി. സാഹിത്യത്തിനുള്ള നോബെല്‍ സമ്മാനം ഒരു തവണ മാത്രമേ ഇന്ത്യയില്‍ എത്തിയിട്ടുള്ളു. അത് ടാഗോറിലൂടെയാണ്.

ടാഗോര്‍ സ്ഥാപിച്ച പ്രസ്ഥാനങ്ങള്‍

ഒന്നരക്കൊല്ലക്കാലം ഇംഗ്ലണ്ടില്‍ കഴിഞ്ഞശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ടാഗോര്‍, ‘സാധന’ എന്ന ബംഗാളി മാസിക പ്രസിദ്ധീകരിച്ചു. 1891 ഡിസംബര്‍ ഒന്നിന് ശാന്തിനികേതനം സ്ഥാപിച്ചു. 1920-ല്‍ ശാന്തിനികേതനം വിശ്വഭാരതിയാക്കി പരിഷ്‌കരിച്ചു.

ശാന്തിനികേതനിലെ പ്രത്യേകതകള്‍

പഴയ ഗുരുകുല സമ്പ്രദായമായിരുന്നു ശാന്തിനികേതനില്‍. സ്വാശ്രയത്വത്തിന്റെ തത്ത്വങ്ങളനുസരിച്ച്, ഹോസ്റ്റലില്‍ വേലക്കാര്‍ ഉണ്ടായിരുന്നില്ല. പെണ്‍കുട്ടികള്‍ തനിയെ എല്ലാം ചെയ്യേണ്ടിയിരുന്നു. അടിച്ചുവാരി വൃത്തിയാക്കുക, തുടക്കുക, ഭക്ഷണം പാചകം ചെയ്യുക, വിളമ്പുക, അലക്കുക, പാത്രങ്ങള്‍ കഴുകുക തുടങ്ങിയ എല്ലാ ജോലികളും പഠിതാക്കളായ വിദ്യാര്‍ഥിനികള്‍ ചെയ്യേണ്ടിയിരുന്നു. പുലര്‍ച്ചെ നാലരക്ക് എഴുന്നേല്‍ക്കണം, ഓരോ പെണ്‍കുട്ടിയും അവളുടെ കിടക്ക മടക്കിവെക്കണം, മുറി വൃത്തിയാക്കണം, തണുപ്പുകാലത്ത് പോലും പച്ചവെള്ളത്തില്‍ കുളിക്കണം, ആറുമണിക്കാരംഭിക്കുന്ന ക്ലാസില്‍ ഹാജരാകണം ഇങ്ങനെയൊക്കെയായിരുന്നു ചിട്ടകള്‍. നെഹ്റു കുടുംബത്തിലെ പ്രിയ പുത്രി, ഇന്ദിര ഗാന്ധിയും ശാന്തിനികേതനിലെ വിദ്യാര്‍ഥിനിയായിരുന്നു. മറ്റു വിദ്യാര്‍ഥിനികളെപ്പോലെ എല്ലാ ജോലിയും ചെയ്തുതന്നെയായിരുന്നു ഇന്ദിര പ്രിയദര്‍ശിനിയും ശാന്തിനികേതനില്‍ കഴിച്ചുകൂട്ടിയത്. ശാന്തിനികേതന്‍ പിന്നീട് വിശ്വഭാരതി സര്‍വകലാശാലയായി.

‘അലയുന്ന പക്ഷികള്‍’

ടാഗോറിന് കുട്ടികളോട് വളരെ സ്നേഹമായിരുന്നു. ഒരിക്കല്‍ അദ്ദേഹം ജപ്പാന്‍ സന്ദര്‍ശിച്ച വേളയില്‍ ധാരാളം കുട്ടികള്‍ ടാഗോറിന്റെ കൈയക്ഷരത്തില്‍ എന്തെങ്കിലും എഴുതിക്കിട്ടുന്നതിനുവേണ്ടി തിക്കിത്തിരക്കി വരുകയുണ്ടായി. എല്ലാവരുടെയും നോട്ടുപുസ്തകത്തില്‍ ഓരോ വരി കവിത ടാഗോര്‍ എഴുതിക്കൊടുത്തു. പിന്നീട് ഇവയില്‍ പല കവിതകളും സമാഹരിച്ചാണ് ‘അലയുന്ന പക്ഷികള്‍’ എന്ന കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തിയത്.

സ്വാതന്ത്രസമര പോരാട്ടത്തില്‍

മഹാരാഷ്ട്രയിലും കൊല്‍ക്കത്തയിലും വളര്‍ന്ന ശക്തമായ സ്വാതന്ത്രസമര പോരാട്ടത്തില്‍ മഹാത്മാ ഗാന്ധിക്കൊപ്പം ആശയസമരത്തില്‍ ടാഗോറിന്റെ പങ്ക് വളരെ വലുതായിരുന്നു. ഗുരുദേവ്, കവിഗുരു, വിശ്വകവി എന്നീ പേരുകളിലെല്ലാം ശിഷ്യന്മാര്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. സ്വാതന്ത്രസമരത്തില്‍ ജനമനസ്സില്‍ തന്റെ ഗീതങ്ങളാലാണ് ടാഗോര്‍ ദേശാഭിമാനത്തിന്റെ തീജ്ജ്വാല പടര്‍ത്തിയത്. ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയ നൈറ്റ്ഹുഡ് ബഹുമതി ടാഗോര്‍ തിരികെ നല്‍കി പ്രതിഷേധിച്ചു.

ഗാന്ധിജിയും ഐന്‍സ്റ്റീനുമായുള്ള ബന്ധം

ഗാന്ധിജിയുടെ ശക്തമായ നേതൃത്വത്തെ ഏറെ ആഗ്രഹിച്ച ടാഗോറാണ് മഹാത്മാ എന്ന വിളിപ്പേരില്‍ ഗാന്ധിജിയെ അഭിസംബോധന ചെയ്തത്. മികച്ച ശാസ്ത്രകുതുകിയായിരുന്ന ടാഗോറും വിശ്വവിഖ്യാത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും തമ്മില്‍ വലിയ ആത്മബന്ധമായിരുന്നു. രണ്ടുപേരേയും ഒന്നിപ്പിച്ചത് സംഗീതമായിരുന്നു എന്ന അപൂര്‍വ്വതയുമുണ്ട്.

ടാഗോറിന്റെ മൊഴികള്‍

* സ്നേഹം ആരുടെ ഭാഗത്തുനിന്നുണ്ടായാലും ശരി, അതു ആദരിക്കേണ്ടുന്ന വികാരം തന്നെയാണ്.

* വിളക്കിന്റെ പ്രകാശത്തിനു നന്ദി പറയുക. എന്നാല്‍ നിഴലില്‍ ക്ഷമയോടെ വിളക്കു പിടിച്ചു നില്‍ക്കുന്ന ആളെ മറക്കാതിരിക്കയും ചെയ്യുക.

* നമ്മുടെ വിനയം വലുതാകുന്തോറും നാം വലിപ്പത്തോട് അടുത്ത് വരികയാണ്.

* മറഞ്ഞുപോയ സൂര്യനെയോര്‍ത്താണു നിങ്ങള്‍ കണ്ണീരു പൊഴിക്കുന്നതെങ്കില്‍ നക്ഷത്രങ്ങളെ നിങ്ങള്‍ കാണുന്നുമില്ല.

* ജനാല തുറന്നിട്ടു ഞാനിരിക്കുന്നു, ലോകമൊരു വഴിപോക്കനെപ്പോലൊരു നൊടി നില്ക്കുന്നു, എന്നെ നോക്കി തലയാട്ടുന്നു, പിന്നെ കടന്നുപോകുന്നു.

 

Latest News