സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകങ്ങളെ ഉരുക്കുമുഷ്ടിയാല്‍ നേരിടുമെന്ന സന്ദേശം സമൂഹത്തിന് നല്‍കണമെന്ന് സുപ്രീംകോടതി. ജാര്‍ഖണ്ഡില്‍ സ്ത്രീധനത്തിന്റെ പേരില്‍ മരുമകളെ കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍തൃപിതാവിനും മാതാവിനും പത്ത് വര്‍ഷം കഠിനതടവ് വിധിച്ച ഹൈക്കോടതി വിധി ശരിവെച്ചാണ് സുപ്രീംകോടതി നിരീക്ഷണം.
‘സ്ത്രീധനത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങള്‍ തടയാനാണ് ഐപിസിയില്‍ 304ബി വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സ്ത്രീധനത്തിന്റെ പേരിലുള്ള കുറ്റകൃത്യം യഥാര്‍ഥത്തില്‍ സമൂഹത്തിന് എതിരായ കുറ്റകൃത്യമാണ്. അത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഉരുക്കുമുഷ്ടിയാല്‍ തന്നെ നേരിടണം’ ജസ്റ്റിസുമാരായ എം ആര്‍ ഷാ, ബി വി നാഗരത്‌ന എന്നിവര്‍ അംഗങ്ങളായ ബെഞ്ച് പറഞ്ഞു.
പ്രായം കണക്കിലെടുത്ത് ശിക്ഷ ഇളവുചെയ്യണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതിന് മുമ്പാണ് കൊലപാതകം നടന്നതെന്നും സ്ത്രീധനം ആവശ്യപ്പെട്ടിട്ടുള്ള കാര്യം പ്രോസിക്യൂഷന്‍ വിജയകരമായി സ്ഥാപിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. അതിസാരം കാരണമാണ് മരുമകള്‍ മരിച്ചതെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
എന്നാല്‍, അത് സ്ഥാപിക്കാന്‍ ആവശ്യമായ തെളിവുകളില്ല. ഐപിസി 304ാം വകുപ്പ് പ്രകാരമുള്ള കുറഞ്ഞ ശിക്ഷ ഏഴ് വര്‍ഷവും കൂടുതല്‍ ശിക്ഷ ജീവപര്യന്തുമാണ്. ഈ കേസില്‍ 10 വര്‍ഷം തടവ് മാത്രമാണ് ഹൈക്കോടതി വിധിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍, ശിക്ഷ ഇളവ് ചെയ്യേണ്ട കാര്യമില്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു.