Saturday, April 5, 2025

ഖത്തര്‍ ലോകകപ്പ്: ഇതുവരെ വിറ്റുപോയത് 24.5 ലക്ഷം ടിക്കറ്റുകള്‍; ബ്രസീല്‍ മത്സരങ്ങളുടെ ടിക്കറ്റിന് കൂടുതല്‍ പ്രിയം

ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ ബ്രസീലിന്റെ കളികളുടെ ടിക്കറ്റിനായി പിടിവലി. രണ്ടാംഘട്ട വില്‍പ്പന അവസാനിച്ചപ്പോള്‍ ബ്രസീലിന്റെ ഗ്രൂപ്പ് മത്സരങ്ങളുടെ ടിക്കറ്റിനാണ് ആവശ്യക്കാരേറെ. 48 ഗ്രൂപ്പ് മത്സരങ്ങളുള്ളതില്‍ അഞ്ചു കളികള്‍ക്കാണ് കൂടുതല്‍പേര്‍ ടിക്കറ്റെടുത്തത്. അതില്‍ രണ്ടെണ്ണം ബ്രസീലിന്റെ കളികളാണ്. നവംബര്‍ 24ന് രാത്രി 12.30ന് സെര്‍ബിയക്കെതിരെയും ഡിസംബര്‍ രണ്ടിന് രാത്രി 12.30ന് കാമറൂണിന് എതിരെയുമുള്ള പോരാട്ടങ്ങള്‍ക്ക് ആരാധകര്‍ ഇരച്ചെത്തും.

പോര്‍ച്ചുഗല്‍–ഉറുഗ്വേ (നവംബര്‍ 28 രാത്രി 12.30), ജര്‍മനി-കോസ്റ്ററിക്ക (ഡിസംബര്‍ ഒന്ന് രാത്രി 12.30), ഡെന്‍മാര്‍ക്ക്-ഓസ്‌ട്രേലിയ (നവംബര്‍ 30 രാത്രി 8.30) എന്നീ കളികളുടെയും ടിക്കറ്റുകള്‍ വന്‍തോതില്‍ വിറ്റുപോയി.

ഇതുവരെ 24.5 ലക്ഷംപേര്‍ ലോകകപ്പിന് ടിക്കറ്റെടുത്തതായാണ് ഫിഫയുടെ കണക്ക്. അഞ്ചുലക്ഷം ടിക്കറ്റുകള്‍കൂടി കാണികള്‍ക്ക് ലഭ്യമാകും. 30 ലക്ഷം ടിക്കറ്റുകളാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്കായി നീക്കിവച്ചത്. അടുത്തമാസം അവസാനത്തോടെ മൂന്നാംഘട്ട വില്‍പ്പന ആരംഭിക്കും. അത് ലോകകപ്പുവരെ തുടരാനാണ് സാധ്യത. ആദ്യമെടുക്കുന്നവര്‍ക്ക് ആദ്യമെന്ന രീതിയിലായിരിക്കും വില്‍പ്പന.

ഒന്നാംഘട്ടത്തില്‍ 18 ലക്ഷം പേരാണ് ടിക്കറ്റെടുത്തത്. ജൂലൈ അഞ്ചുമുതല്‍ ആഗസ്ത് 16 വരെ നീണ്ട രണ്ടാംഘട്ടത്തില്‍ 5,20,532 ടിക്കറ്റുകള്‍ വിറ്റുപോയി. ഒമ്പതു രാജ്യങ്ങളിലെ ആരാധകരാണ് ടിക്കറ്റിനായി തിരക്ക് കൂട്ടിയത്. ആതിഥേയരായ ഖത്തറും ആരാധകരുടെ പ്രിയപ്പെട്ട അര്‍ജന്റീനയും ബ്രസീലും അതില്‍ ഉള്‍പ്പെടുന്നു. അമേരിക്ക, ഇംഗ്ലണ്ട്, സൗദി അറേബ്യ, മെക്‌സിക്കോ, യുഎഇ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍നിന്ന് കൂടുതല്‍ ആരാധകര്‍ ടിക്കറ്റെടുത്തു.

Latest News