സോമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ തീവ്രവാദികള്‍ കയ്യടക്കിയിരുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍ തിരിച്ച് പിടിച്ച് സുരക്ഷാ സേന. 30 മണിക്കൂറോളം നീണ്ട വെടിവെപ്പില്‍ നാല്‍പത് പേര്‍ കൊല്ലപ്പെടുകയും എഴുപതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ ഖ്വയ്ദ ബന്ധങ്ങളുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ അല്‍ ശബാബ് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
വെള്ളിയാഴ്ച രാത്രിയോടെ കാര്‍ബോംബുകള്‍ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടാണ് തീവ്രവാദികള്‍ ഹോട്ടലിലേക്ക് പ്രവേശനം നേടിയത്. ഹയാത്ത് ഹോട്ടലിലേക്ക് കടന്ന അക്രമികള്‍ രണ്ട് കാര്‍ ബോംബുകളുമായി എത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഹോട്ടലിലുണ്ടായിരുന്ന നൂറുകണക്കിന് അതിഥികളെ ബന്ദികളാക്കി വെച്ചുകൊണ്ട് മണിക്കൂറുകളോളം സോമാലിയന്‍ സര്‍ക്കാരുമായി വിലപേശല്‍ നടത്തിയ ഭീകരരെ എല്ലാവരെയും വധിച്ചതായി സുരക്ഷാ സേന സ്ഥിരീകരിച്ചു.
തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുള്ള പോരാട്ടത്തില്‍ ഹോട്ടലിന്റെ വലിയ ഭാഗങ്ങള്‍ തകര്‍ന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം സൊമാലിയയിലെ അല്‍ ശബാബ് വിമതര്‍ ഏറ്റെടുത്തു.
മേയില്‍ പ്രസിഡന്റെ ഹസന്‍ ഷെയ്ഖ് മുഹമ്മദ് അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ വലിയ ആക്രമണമായിരുന്നു വെള്ളിയാഴ്ച്ച നടന്നത്. 10 വര്‍ഷത്തിലേറെയായി സോമാലിയന്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ അല്‍ ശബാബ് ശ്രമിക്കുകയാണ്.