Tuesday, November 26, 2024

യുപിഐ വഴി പണം അയയ്ക്കുന്നതിന് നികുതി ചുമത്തില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രധനമന്ത്രാലയം

യുപിഐ വഴി പണം അയയ്ക്കുന്നതിന് നികുതി ചുമത്തില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രാലയം. കേന്ദ്രസര്‍ക്കാര്‍ യുപിഐ പേമെന്റുകള്‍ക്ക് നികുതി ചുമത്താന്‍ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ധനമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.

യുപിഐ പ്ലാറ്റ്ഫോമുകള്‍ക്ക് അവരുടെ സേവന നിരക്ക് ഈടാക്കാന്‍ മറ്റ് മാര്‍ഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി. യുപിഐ പേമെന്റുകളെക്കുറിച്ച് മികച്ച അഭിപ്രായമാണ്. പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദവും സാമ്പത്തിക മേഖലയ്ക്ക് വലിയ ഉല്‍പാദന ക്ഷമത നല്‍കുകയും ചെയ്യുന്ന രീതിയാണിത്. അതില്‍ നികുതി ചുമത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നില്ല. മന്ത്രാലയം വ്യക്തമാക്കി.

സേവന നിരക്കിനെക്കുറിച്ചുളള സര്‍വ്വീസ് ദാതാക്കളുടെ ആശങ്കകള്‍ മറ്റ് മാര്‍ഗങ്ങളിലൂടെ പരിഹരിക്കാന്‍ നോക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇത്തരം പ്ലാറ്റ്ഫോമുകള്‍ ഉപഭോക്തൃസൗഹൃദമാണ്. കഴിഞ്ഞ വര്‍ഷവും സര്‍ക്കാര്‍ ഡിജിറ്റല്‍ പേമെന്റ് ഇക്കോസിസ്റ്റത്തിന് സാമ്പത്തിക പിന്തുണ നല്‍കിയിരുന്നു. ഇക്കുറിയും അത് തുടരുകയാണ്. കൂടുതല്‍ പുതിയ ആശയങ്ങളും സാങ്കേതിക സംവിധാനവും സ്വീകരിക്കാന്‍ വേണ്ടി കൂടിയാണിത്.

അടുത്തിടെ ഡിജിറ്റല്‍ പേമെന്റിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് ആര്‍ബിഐ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിരുന്നു. പേമെന്റ് ട്രാന്‍സാക്ഷനുകള്‍ക്ക് പണം ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളിലാണ് അഭിപ്രായം തേടിയത്. ഇതോടെയാണ് ഇതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ പ്രചരിച്ചു തുടങ്ങിയത്.

 

 

 

Latest News