Tuesday, November 26, 2024

സ്വതന്ത്രവും ധീരവുമായ രാജ്യത്തിന്റെ അവശേഷിപ്പുകള്‍; റഷ്യന്‍ ആക്രമണത്തിന്റെ അവശിഷ്ടങ്ങളില്‍ നൃത്തം ചെയ്ത് യുക്രൈന്‍ ജനത

റഷ്യന്‍ യുദ്ധത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മേല്‍ ആടിയും പാടിയും യുക്രെയ്ന്‍ ജനത. ആളുകള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്തിന്റെ പ്രധാന നഗരമായ കീവില്‍ ഒത്തുകൂടി നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ദൃശങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. സ്വതന്ത്രവും ധീരവുമായ ഒരു രാജ്യത്തിന്റെ അവശേഷിപ്പുകളാണ് തുരുമ്പിച്ച ലോഹങ്ങള്‍ എന്നാണ് യുക്രെയ്ന്റെ പ്രതിരോധ മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചത്.

എഴുത്തുകാരി വിക്ടോറിയ അമേലിനയാണ് കീവിലെ ചത്വരത്തില്‍ ജനങ്ങള്‍ ആഹ്ലാദിക്കുന്നതിന്റെ ദൃശങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചത്. യുക്രെയ്ന്‍ ജനത അവരുടെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ 6 മാസത്തെ അതിജീവിച്ചതിന്റെ സന്തോഷമാണ് നൃത്ത പ്രകടനങ്ങളില്‍ കാണുന്നതെന്നാണ് വിക്ടോറിയ പറഞ്ഞത്.

കത്തി നശിച്ച യുക്രെയ്ന്‍ ടാങ്കുകളുടെ പ്രദര്‍ശനം നഗരത്തില്‍ നടക്കുന്നു. അവയിലൂടെ കുട്ടികള്‍ കയറി ഇറങ്ങുന്നതിന്റെ ദൃശ്യം വിജയത്തിന്റെ നിര്‍വൃതിയാണ് നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. എല്ലാവരെയും ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ചെന്നായ ആയിരുന്നു ഇരുമ്പ് ലോഹമെന്നും ആ ചെന്നായകള്‍ ഇപ്പോള്‍ ചത്തു പേയെന്നുമാണ് ട്വിറ്ററില്‍ ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

കര്‍സണ്‍, ഖാര്‍കിവ്, മെലിറ്റോപോള്‍, മരിയുപോള്‍, ക്രിമിയ, ഡോണ്‍ബാസില്‍ തുടങ്ങിയ ഇടങ്ങളിലും ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ ഉടന്‍ തന്നെ ഉണ്ടാകുമെന്ന ശുഭ പ്രതീക്ഷകളും ആളുകള്‍ പങ്കുവെച്ചു. കണ്ണീരിന് അവസാനമുണ്ടാകുമെന്നും അതിന് ഉദാഹരണമാണ് ഈ ദൃശ്യങ്ങള്‍ എന്നും വിഡീയോയ്ക്ക് നിരവധിയാളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

 

Latest News