Wednesday, November 27, 2024

യുക്രെയ്ന്‍ ആണവകേന്ദ്രത്തിലേക്ക് ആക്രമണം തുടരുന്നു

യുക്രെയ്‌നിലെ പ്രധാന ആണുശക്തിലയം ലക്ഷ്യമിട്ട് തിങ്കളാഴ്ച റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ആണവദുരന്തം ഒഴിവാക്കുന്നതിനായി മേഖലയില്‍ ആക്രമണം നിര്‍ത്തിവയ്ക്കണമെന്ന രാജ്യാന്തര അഭ്യര്‍ഥന അവഗണിച്ചാണ് ആക്രമണം.

ഡൈനിപ്പര്‍ നദിയുടെ മറുകരയിലെ നികോപോളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മുന്നുതവണ റഷ്യ ആക്രമണം നടത്തി. റോക്കറ്റുകളും മോര്‍ട്ടാര്‍ഷെല്ലുകളും തീതുപ്പിയതോടെ ഒട്ടേറെ വീടുകളും കിന്റര്‍ഗാര്‍ട്ടനും ബസ് സ്റ്റേഷനും വ്യാപാരകേന്ദ്രവും തകര്‍ന്നു.

ഇവിടെ നിന്നും കിലോമീറ്ററുകള്‍ മാത്രം അകലെയാണ് സാപ്പോറിഷ്യ അണുശക്തി നിലയം. ആറാം മാസത്തിലേക്ക് കടക്കുന്ന റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ ആണവകേന്ദ്രത്തിനു സമീപമുള്ള ആക്രമണത്തെ രാജ്യാന്തരസമൂഹം അതീവഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്.

കഴിഞ്ഞയാഴ്ച യുക്രെയ്‌നിലെത്തിയ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടറസ് റഷ്യയ്ക്കു മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഫ്രഞ്ച്, ജര്‍മന്‍, ബ്രട്ടീഷ് നേതാക്കളുമായി ഞായറാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രശ്‌നത്തില്‍ ആശയവിനിമയവും നടത്തി.

ആണവവികിരണം ഒഴിവാക്കാനായി സൈനികനടപടികള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് നേതാക്കള്‍ നിര്‍ദേശിച്ചു. പരിശോധന നടത്താന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് എത്രയുംവേഗം അനുമതി വേണമെന്ന ആവശ്യവും മുന്നോട്ടുവച്ചു.

അധിനിവേശത്തിന്റെ തുടക്കത്തില്‍ തന്നെ റഷ്യ പിടിച്ചെടുത്ത സാപ്പോറിഷ്യ നിലയത്തിനു സമീപം ദിവസങ്ങളായി കനത്ത ഏറ്റുമുട്ടലാണ്. ആണവചോര്‍ച്ചയുണ്ടായാല്‍ ചേര്‍ണോബില്‍ ദുരന്തത്തിനു സമാനമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

Latest News