Wednesday, November 27, 2024

വിഴിഞ്ഞം തുറമുഖ സമരം ഇപ്പോള്‍ എന്തിന്?

എന്തുകൊണ്ടാണ് ഇരകള്‍ക്ക് 475 കോടിയുടെ പുനരധിവാസ പദ്ധതി തരാം എന്ന സര്‍ക്കാരിന്റെ ഉറപ്പിന്മേല്‍ 2015ല്‍ സമരത്തില്‍നിന്നും തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തില്‍ തീരദേശവാസികള്‍ പിന്‍വാങ്ങിയിട്ട്, ഇന്ന് ഏഴു വര്‍ഷങ്ങള്‍ക്കുശേഷം, 20ശതമാനം തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിനുശേഷം, സമരത്തിന് വരുന്നത്?

അന്ന്, 2015-ല്‍ സര്‍ക്കാര്‍ സമരക്കാരോടു പറഞ്ഞത്, വിഴിഞ്ഞംപോര്‍ട്ട് ഒരിക്കലും തീരശോഷണത്തിനു കാരണമാകില്ലെന്നും, എന്നെങ്കിലും അത്തരം ഒരു സാഹചര്യമുണ്ടാവുകയാണെങ്കില്‍, 475 കോടി പുനരധിവാസത്തിനായി തരാമെന്നുമാണ്. അന്ന്, വിഴിഞ്ഞംപദ്ധതിമൂലം തീരശോഷണം ഉണ്ടാകും എന്ന് പദ്ധതിയുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ചു പഠിച്ച  മുന്നോട്ടുവച്ച Asian Consultants പഠനം രൂപതാധികൃതര്‍ ചൂണ്ടിക്കാണിച്ചെങ്കിലും സര്‍ക്കാര്‍ സമ്മതിച്ചില്ല.

ഇപ്പോള്‍, 7 വര്‍ഷത്തിനു ശേഷം 20% പോര്‍ട്ട് പണി തുടങ്ങിയതിനുശേഷം, വലിയ തീരശോഷണം ഈ പ്രദേശത്തു സംഭവിച്ചിരിക്കുന്നു. അതായത്, ശംഖുമുഖം കടപ്പുറം ഉള്‍പ്പെടെയുള്ള തീരത്തെ 640 ഏക്കര്‍ സ്ഥലം കടലെടുത്തിരിക്കുന്നു; കടലിന്റെ ആവാസവ്യവസ്ഥ തകര്‍ന്നിരിക്കുന്നു; അനേകം വീടുകള്‍ വാസയോഗ്യമല്ലാതായിരിക്കുന്നു. നേരത്തെ സര്‍ക്കാര്‍ വച്ച Asian Consultants
ന്റെ പഠനത്തില്‍ പറഞ്ഞിരുന്നതുപോലെതന്നെ ഇപ്പോള്‍ സംഭവിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. 2019-ല്‍ത്തന്നെ ഫിഷറീസ് വകുപ്പുമന്ത്രിയായിരുന്ന മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ഇത് ബോധ്യപ്പെട്ടിരുന്നു. ഇത് ഇപ്പോള്‍ പൊതുസമൂഹവും തിരിച്ചറിഞ്ഞിരിക്കുന്നു.

ഇക്കാര്യം അധികാരികളെ ബോധ്യപ്പെടുത്താന്‍ രൂപത വര്‍ഷങ്ങളായി പല രീതികളില്‍ ശ്രമിച്ചു. നിവേദനങ്ങള്‍ നല്കി, കത്തുകളയച്ചു, സെക്രട്ടറിയേറ്റിനുമുന്നില്‍ സമരംചെയ്തു. ഇപ്പോള്‍ പദ്ധതിപ്രദേശത്ത് രാപകല്‍സമരം ചെയ്യുന്നു.

മുഖ്യമന്ത്രിക്കു ഗണിച്ചറിയാന്‍ കഴിവുണ്ടോ?

ഇന്ന് (22.08.2022) മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവിച്ചത് ഇങ്ങനെയാണ്: വിഴിഞ്ഞംപോര്‍ട്ട് കാരണമല്ല തീരശോഷണം സംഭവിച്ചത്. ഭീമമായ തീരശോഷണം സംഭവിച്ചിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യത്തെ നിഷേധിക്കാന്‍ ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിനു കഴിയുന്നില്ല! പക്ഷേ, ഒരു കാര്യത്തില്‍ അദ്ദേഹത്തിന് ഉറപ്പുണ്ട് – അത് വിഴിഞ്ഞം പദ്ധതി മൂലമേയല്ല, അമ്മയാണേ സത്യം! വിഴിഞ്ഞം തുറമുഖ പദ്ധതി കാരണമല്ല, ആഗോള പ്രതിഭാസം കാരണമാണ് തീരശോഷണം സംഭവിച്ചത് എന്നാണ് മുഖ്യമന്ത്രിയുടെ കണ്ടുപിടുത്തം. എങ്കില്‍, എന്തുകൊണ്ടാണ് നിര്‍മാണത്തിലിരിക്കുന്ന വിഴിഞ്ഞംതുറമുഖപ്രദേശത്തിന്റെ വടക്കുവശത്ത് ശക്തമായ തീരശോഷണവും അതിന്റ തെക്കുവശത്ത് തീരംവയ്ക്കലും നടക്കുന്നത്?

കമ്മ്യൂണിസ്റ്റുകാരനെന്ന് അറിയപ്പെടുന്ന ശ്രീ. പിണറായി വിജയന് ഗണിച്ചുപറയുന്നതില്‍ വൈദഗ്ദ്ധ്യമുണ്ടായിട്ടല്ല അദ്ദേഹം ഈ പ്രസ്താവന നടത്തിയിട്ടുള്ളത്. രണ്ട് കാരണങ്ങളാണ് ഇതിനു പിന്നിലുള്ളത്:

ഒന്ന്, വിഴിഞ്ഞംപോര്‍ട്ട് കാരണമാണ് തീരശോഷണം എന്ന് അദ്ദേഹം അംഗീകരിച്ചാല്‍, നേരത്തെ സര്‍ക്കാര്‍ ഏഛ ഇറക്കിയത് അനുസരിച്ചുള്ള 475 കോടി പാക്കേജ് മത്സ്യതൊഴിലാളികള്‍ക്ക് കൊടുക്കേണ്ടി വരും. പാവങ്ങളോട് പക്ഷംചേര്‍ന്നിരുന്ന ഒരു പാര്‍ട്ടിയുടെ ശോഷണംകൂടിയാണ് തീരശോഷണത്തോടൊപ്പം ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്!

രണ്ടാമത്തെ കാരണം, വിഴിഞ്ഞംപോര്‍ട്ട് മൂലമാണ് തീരശോഷണം എന്ന് അംഗീകരിച്ചാല്‍, National Green Tribunal പോര്‍ട്ടിനു കൊടുത്ത അനുവാദം പിന്‍വലിക്കാനിടയാകും. എന്തെന്നാല്‍, പോര്‍ട്ടിന് അനുവാദം കൊടുത്തപ്പോള്‍, തീരശോഷണം റിപ്പോര്‍ട്ട് ചെയ്യണമെന്നും, വിഴിഞ്ഞംപോര്‍ട്ട് കാരണമാണ് അതു സംഭവിക്കുന്നതെന്നു ബോധ്യപ്പെട്ടാല്‍ പുനര്‍വിചിന്തനം വേണ്ടിവരുമെന്നും വ്യവസ്ഥ ഉണ്ടായിരുന്നു.

ഇപ്പോള്‍ നടക്കുന്ന പച്ചക്കള്ളത്തിന്റെയും വഞ്ചനയുടെയും രാഷ്ട്രീയക്കളികള്‍ ഈ രണ്ടു വിഷയങ്ങളെയും ഒഴിവാക്കാന്‍ വേണ്ടിയാണ്. അതുകൊണ്ട്, ഇപ്പോള്‍ സമരസമിതി സമരം ചെയ്യുന്നത് എന്തിനെന്നു ചോദിച്ചാല്‍, ഉത്തരം ഇതാണ്: തീരശോഷണം പോര്‍ട്ട്നിര്‍മാണം മൂലമാണോ എന്ന് പുന:പരിശോധിക്കാന്‍, നിര്‍മാണം നിര്‍ത്തിവച്ച് വിശ്വാസയോഗ്യമായ പഠനംനടത്തുക. ഇതേയുള്ളൂ ഏക പോംവഴി.

ഇനി പറയൂ: തീരദേശവാസികള്‍ നടത്തുന്ന ഈ സമരം ആവശ്യമാണോ ആഭാസമാണോ?

Dr. സുജന്‍ അമൃതം

 

Latest News