എല്‍ ന്യൂവോ ചിപോട്ട് അല്ലെങ്കില്‍ എല്‍ ചിപോട്ട് എന്ന പേരിലുള്ള പഴയ ജയിലിനു പകരമായി 2019 ഫെബ്രുവരിയില്‍ ഒരു പുതിയ ജയില്‍ ഉദ്ഘാടനം ചെയ്തു. ‘പീഡനജയില്‍’ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. നിക്കരാഗ്വന്‍ സ്വേച്ഛാധിപത്യ അധികാരികള്‍ ഇപ്പോള്‍ നിരവധി കത്തോലിക്കാ വൈദികരെയാണ് വ്യാജമായി അറസ്റ്റ് ചെയ്ത് ഈ ജയിലില്‍ അടച്ചിരിക്കുന്നത്. ഇപ്പോള്‍ ഈ ജയിലില്‍ കഴിയുന്നവരില്‍ അഞ്ചു വൈദികരും രണ്ട് വൈദികാര്‍ത്ഥികളും മതഗല്‍പ്പ രൂപതയില്‍ നിന്നുള്ള ഒരു ക്യാമറാമാനും ഉള്‍പ്പെടുന്നു.
ഈ പീഡന ജയിലില്‍ നിന്നും പുറത്തുവന്ന സ്ത്രീയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
2018-ല്‍ സ്വേച്ഛാധിപത്യത്തിനെതിരെ പ്രതികരിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട നിക്കരാഗ്വന്‍ പോലീസ് ഉദ്യോഗസ്ഥ, പീഡന തടവറയിലെ തന്റെ അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നു. ‘ആ ജയിലില്‍ പലരെയും ഞാന്‍ കണ്ടുമുട്ടി. യഥാര്‍ത്ഥത്തില്‍ അത് ഒരു നരകമാണ്. കാരണം രാക്ഷസന്മാരായി മാറിയ ആളുകളെയും ഹൃദയമില്ലാത്ത ആളുകളെയും അവിടെ നമ്മള്‍ കണ്ടുമുട്ടും. വളരെ ക്രൂരമായാണ് ആ ജയിലില്‍ അധികാരികര്‍ നമ്മളോട് ഇടപെടുന്നത്. ശ്വസിക്കാന്‍ മാര്‍ഗ്ഗമില്ല, വായു ഇല്ല, സൂര്യനില്ല, ഒരു മനുഷ്യനെന്ന നിലയില്‍ ആവശ്യമുള്ളതൊന്നും അവിടെ നിന്നും ലഭിക്കില്ല’ – കോസ്റ്റാറിക്കയില്‍ നിന്ന് സുരക്ഷാകാരണങ്ങളാല്‍ ‘കാര്‍ലോസ്’ എന്ന പേരില്‍ അറിയപ്പെടുന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥ വെളിപ്പെടുത്തുന്നു.
‘ദിവസവുമുള്ള പീഡനത്തെ തുടര്‍ന്ന് എന്റെ ശരീരം വേദന കൊണ്ട് പുളയുമായിരുന്നു. വേദനയാല്‍ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. പല്ലുകള്‍ പിഴുതുമാറ്റി, എന്റെ കാല്‍വിരലുകള്‍ മുറിച്ചു, എന്റെ ശരീരത്തില്‍ വൈദ്യുതാഘാതമേല്‍പ്പിച്ചു. പലപ്പോഴും മരണത്തോളം ഞാന്‍ എത്തി. ഈ കഷ്ടപ്പാടുകള്‍ക്കിടയില്‍ ആത്മഹത്യയെക്കുറിച്ചു വരെ ഞാന്‍ ചിന്തിച്ചു’ – ‘എല്‍ ചിപോട്ട്’ എന്ന പീഡനജയിലിലെ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ ഇപ്രകാരമായിരുന്നു.
ആ ജയിലില്‍ കാര്‍ലോസിന്റെ കൂടെ മറ്റു മൂന്നു പേരെ കൂടി പാര്‍പ്പിച്ചിരുന്നു. ജയിലില്‍ വന്ന ശേഷം ഏഴാം ദിവസം എനിക്ക് ആത്മഹത്യ ചെയ്യാനുള്ള അവസരം ലഭിച്ചു. എന്നാല്‍, എനിക്ക് മരിക്കാന്‍ കഴിഞ്ഞില്ല. ജയിലില്‍ വച്ച് ബലാത്സംഗത്തിനിരകളായ എന്റെ രണ്ട് സഹപ്രവര്‍ത്തകര്‍ എന്റെ തോളില്‍ കിടന്ന് രക്തം വാര്‍ന്നാണ് മരിച്ചത്’ – കാര്‍ലോസ് കരഞ്ഞുകൊണ്ട് വെളിപ്പെടുത്തുന്നു. പീഡനങ്ങള്‍ക്കും വേദനകള്‍ക്കും മുന്നില്‍ ദൈവം മാത്രം എന്റെ കൂടെയുണ്ടായിരുന്നു.
‘എനിക്കേറ്റ പീഡനങ്ങള്‍ മൂലം എന്റെ ശരീരം നിര്‍ജ്ജീവമാണെന്ന് എനിക്കു തോന്നി. ആ നിമിഷങ്ങളില്‍ ഞാന്‍ എന്റെ കുടുംബത്തെക്കുറിച്ചും എന്റെ ജീവിതം ദൈവത്തിനു സമര്‍പ്പിക്കുന്നതിനെക്കുറിച്ചും ചിന്തിച്ചു.’ ഇതാ ഞാന്‍, എനിക്ക് ഈ പീഡനങ്ങളെ അതിജീവിക്കാന്‍ ശക്തി തരൂ – കാര്‍ലോസ് ജയിലില്‍ കിടന്നുകൊണ്ട് പ്രാര്‍ത്ഥിച്ചിരുന്നു.
സത്യത്തിനു വേണ്ടി നിലകൊണ്ടതിന് കത്തോലിക്കാ സഭയ്ക്കെതിരെ
ഡാനിയല്‍ ഒര്‍ട്ടെഗയുടെ സ്വേച്ഛാധിപത്യവുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് പോലീസ് ഈ വൈദികരെയെല്ലാം തന്നെ തട്ടിക്കൊണ്ടു പോയി ജയിലിലടച്ചത്. വീട്ടുതടങ്കലില്‍ ആയിരുന്ന മാതഗല്‍പ്പയിലെ ബിഷപ്പ്, റൊളാന്‍ഡോ അല്‍വാരസിനെ ആഗസ്റ്റ് 19-ന് അറസ്റ്റ് ചെയ്തു. അദ്ദേഹം ഇപ്പോഴും വീട്ടുതടങ്കലില്‍ തന്നെ തുടരുന്നു.
നിക്കരാഗ്വയിലെ സ്വേച്ഛാധിപതിയായ അധികാരി ഡാനിയല്‍ ഒര്‍ട്ടേഗയും ഭാര്യ റൊസാരിയോ മുറില്ലോയും പുതിയ ജയിലിന്റെ നിര്‍മ്മാണത്തിനായി ഏകദേശം 183 ദശലക്ഷം കോര്‍ഡോബ ചെലവഴിച്ചിരുന്നു. അതായത് ഏകദേശം 5 ദശലക്ഷം ഡോളര്‍. ചിപോട്ടില്‍ പീഡനം നടക്കുന്നുണ്ടെന്ന് നേരത്തെ അറിയാമായിരുന്നെങ്കിലും 2021 മെയ് മുതല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള എതിരാളികളുടെ അറസ്റ്റിന്റെ പുതിയ തരംഗത്തിന് സ്വേച്ഛാധിപത്യം തുടക്കമിട്ടതോടെയാണ് ഇത് കൂടുതല്‍ വ്യക്തമായത്.
‘എല്‍ ചിപോട്ട് പ്രസിഡന്‍ഷ്യല്‍ ദമ്പതികളുടെ ഇരുണ്ട തടവറയായി മാറിയിരിക്കുന്നു. മാത്രമല്ല അടിച്ചമര്‍ത്തലിന്റെ മൂലക്കല്ലായി മാറിയിരിക്കുന്നു ഇവിടം’ – എന്ന് അര്‍ജന്റീനിയന്‍ പത്രമായ ലാ നാസിയോണ്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടെ തടവുകാര്‍ പരസ്പരം സംസാരിക്കുന്നതിനു പോലും അനുവാദമില്ല.
94 വയസുള്ള അന ചമോറോ ഡി ഹോള്‍മാന്‍ എന്ന അമ്മ, ഈ ജയിലില്‍ ആയിരുന്ന തന്റെ മകന്‍ ജുവാന്‍ ലോറെന്‍സോ ഹോള്‍മാനെ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍, അവനെ കാണുന്നതിനു മുമ്പ് ഗാര്‍ഡുകള്‍ ആ സ്ത്രീയെ നഗ്‌നയാക്കി. ജുവാന്‍ ലോറെന്‍സോക്ക് കാഴ്ചക്കുറവും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ചില തടവുകാര്‍ ദിവസത്തില്‍ 24 മണിക്കൂറും വെളിച്ചത്തില്‍ കഴിയണം. മറ്റുള്ളവര്‍ എപ്പോഴും ഇരുട്ടില്‍ ആയിരിക്കും. അവര്‍ക്ക് അവരുടെ ബന്ധുക്കളെയോ, അഭിഭാഷകരെയോ കാണാന്‍ കഴിയില്ല. ഈ ജയിലില്‍ അടക്കപ്പെടുന്നവര്‍ക്കു നേരെ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ രാജ്യദ്രോഹം, കള്ളപ്പണം വെളുപ്പിക്കല്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയാണ്.