Tuesday, November 26, 2024

അറസ്റ്റിലായ തോക്കുധാരിയെ വിചാരണയ്ക്ക് മുമ്പേ ദയാവധത്തിന് വിധേയനാക്കി സ്പാനിഷ് അധികൃതര്‍

ഡിസംബറില്‍ നാല് പേരെ വെടിവച്ച് പരിക്കേല്‍പ്പിക്കുകയും പിന്നീട് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത വ്യക്തിയെ സ്പെയിനിലെ ജയില്‍ അധികൃതര്‍ ചൊവ്വാഴ്ച ദയാവധത്തിന് വിധേയനാക്കി.

വടക്കുകിഴക്കന്‍ നഗരമായ ടാര്‍ഗോണയില്‍ സെക്യൂരിറ്റി സര്‍വീസസ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന യൂജെന്‍ സബൗ (46), ഒരു സ്ത്രീ ഉള്‍പ്പെടെ തന്റെ മൂന്ന് സഹപ്രവര്‍ത്തകരെ വെടിവച്ചു. തുടര്‍ന്ന് രക്ഷപ്പെടുന്നതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥനെയും പരിക്കേല്‍പ്പിച്ചു. പിന്നീട് പോലീസുമായി നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ക്ക് ഗുരുതര പരിക്കേറ്റത്. ഒരു കാല്‍ മുറിച്ചു മാറ്റേണ്ടിയും വന്നു. മുറിവുകള്‍ വിട്ടുമാറാത്ത വേദനയ്ക്ക് കാരണമാവുകയും വേദനസംഹാരികള്‍ ഫലം കാണാതെയും വന്നപ്പോഴാണ് ദയാവധത്തിന് അപേക്ഷിച്ചത് എന്നാണ് അധികൃതര്‍ പറയുന്നത്.

അയാള്‍ക്ക് നീതി ലഭിക്കണമെന്ന് വാദിച്ച നിരവധി ആളുകളുടെ അപ്പീലുകള്‍ നിരസിച്ചതിന് ശേഷമാണ് കോടതി ഇയാളുടെ ദയാവധം അനുവദിച്ചത്. കേസ് ഭരണഘടനാ കോടതിയില്‍ വരെ എത്തിയെങ്കിലും മൗലികാവകാശ ലംഘനം നടന്നിട്ടില്ലെന്ന് പറഞ്ഞ് അത് ചര്‍ച്ച ചെയ്യാന്‍ കോടതി വിസമ്മതിച്ചു.

അയാളുടെ ശാരീരികാവസ്ഥകള്‍ കണക്കിലെടുത്ത് ദയാവധം അഭ്യര്‍ത്ഥിക്കുന്നത് സബുവിന്റെ മൗലികാവകാശമാണെന്ന് ടാര്‍ഗോണയിലെ ഒരു കോടതി വിധിക്കുകയും ചെയ്തു.

ഒരു വര്‍ഷം മുമ്പാണ് സ്‌പെയിന്‍ ദയാവധം നിയമവിധേയമാക്കിയത്. ഇതിനുമുമ്പ്, ഒരാളെ അവരുടെ ജീവിതം അവസാനിപ്പിക്കാന്‍ സഹായിച്ചാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചിരുന്നു.

Latest News