Monday, November 25, 2024

ഒരാഴ്ചയിലെ ജോലി ഇനി 40 മണിക്കൂര്‍: മാറ്റത്തിനൊരുങ്ങി ചിലി

രാജ്യത്ത് ജോലി സമയം കുറയ്ക്കും എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാനുള്ള ബില്‍ പാസാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് . അഞ്ച് വര്‍ഷത്തിനുള്ളില്‍ ആഴ്ചയിലെ ജോലി സമയം 45 ല്‍ നിന്ന് 40 മണിക്കൂറായി കുറയ്ക്കാന്‍ ലക്ഷ്യമിടുന്നതാണ് ബില്‍.

2017 ല്‍ അന്നത്തെ സഭ അംഗവും നിലവിലെ സര്‍ക്കാര്‍ വക്താവുമായ കാമില വല്ലെജോ അവതരിപ്പിച്ച ബില്ല് ചിലിയന്‍ പാര്‍ലമെന്റില്‍ ഏറെ ബഹളം സൃഷ്ടിച്ചിരുന്നു. ഇതുവരെ പിന്നീട് ഈ ബില്ല് സഭ കടന്നുകിട്ടിയിട്ടില്ല.

ചിലിയുടെ ഭരണഘടനയിലെ ഒരു വ്യവസ്ഥയായ ജോലി സമയം ഉള്‍പ്പെടുത്തുന്ന ബില്ലിന് അടിയന്തര പ്രധാന്യമാണ് നല്‍കുന്നത് എന്നാണ് ചിലിയന്‍ പ്രസിഡന്റിന്റെ നിലപാട്. ഇതോടെ ബില്ല് പാസാക്കേണ്ടത് സഭ അംഗങ്ങളുടെ അടിയന്തര വിഷയമായി മാറും എന്നാണ് കരുതപ്പെടുന്നത്.

പൊതുഗതാഗത സംവിധാനത്തിലെ ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍ തുടങ്ങിയ പ്രത്യേക വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്ക് ജോലി സമയം കുറയ്ക്കുന്നത് ഉള്‍പ്പെടെ, ബോറിക്കിന്റെ സര്‍ക്കാര്‍ ബില്ലില്‍ വരുത്തിയ ഭേദഗതികള്‍ ചിലിയന്‍ നിയമനിര്‍മ്മാണ സഭ അടുത്ത തവണ ചേരുമ്പോള്‍ ചര്‍ച്ചയാകും.

പുതിയ ചിലി കെട്ടിപ്പടുക്കാന്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഇത്തരം മാറ്റങ്ങള്‍ മികച്ചതാണ്. ചൊവ്വാഴ്ച പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ ചിലിയന്‍ പ്രസിഡന്റ് ബോറിക് പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ ചെമ്പ് ഉത്പാദക രാജ്യമാണ് ചിലി. ഇവിടുത്തെ സമ്പദ്വ്യവസ്ഥ ഇപ്പോള്‍ മന്ദഗതിയിലാണ്. കൊവിഡിന് ശേഷമുള്ള ദ്രുതഗതിയിലുള്ള സാമ്പത്തിക തിരിച്ചുവരവിന് ശ്രമിക്കുകയാണ് ചിലി. എന്നാല്‍ ശക്തമായ പണപ്പെരുപ്പ സമ്മര്‍ദ്ദം നേരിടുകയാണ് രാജ്യം.

ഈ സമയത്ത് ഇത്തരം മാറ്റം നടപ്പിലാക്കുന്നതിന് മുന്‍പ് ചെറുകിട, ഇടത്തരം, വന്‍കിട കമ്പനികളുടെ പ്രതിനിധികള്‍ക്കൊപ്പം യൂണിയനുകളുമായും തൊഴിലാളി ഫെഡറേഷനുകളുമായും ചിലിയില്‍ അടുത്തിടെ അധികാരത്തില്‍ എത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തും.

Latest News