ഭരണ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ നിന്ന് തായ്ലന്‍ഡ് പ്രധാനമന്ത്രിയെ കോടതി വിലക്കി. ഭരണഘടനാ കോടതിയാണ് പ്രധാനമന്ത്രി പ്രയുത് ചാന്‍ ഓച്ചയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. അദ്ദേഹത്തിന്റെ കാലാവധി അതിക്രമിച്ചുവെന്നും ചുമതലയൊഴിയണമെന്നും കാണിച്ച് പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി.
ഹര്‍ജിയില്‍ കഴമ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രധാനമന്ത്രി പദത്തില്‍ അദ്ദേഹത്തിന് തുടരാമോയെന്ന കാര്യത്തില്‍ കോടതി തീരുമാനം വ്യക്തമാക്കുന്നത് വരെ വിലക്ക് തുടരും. ആരാണ് പകരം ചുമതലകള്‍ നിര്‍വ്വഹിക്കുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല. രാജ്യത്തെ വ്യവസ്ഥ അനുസരിച്ച് ഉപ പ്രധാനമന്ത്രി പ്രവിത് വോങ്സുവാന്‍ ആണ് ചുമതലകള്‍ നിര്‍വ്വഹിക്കേണ്ടത്.
നിലവില്‍ പ്രയുത് വഹിച്ചുകൊണ്ടിരിക്കുന്ന പ്രതിരോധ മന്ത്രി പദവിയിലും വ്യക്തത വന്നിട്ടില്ല. പരാതി കൈപ്പറ്റി 15 ദിവസത്തിനുളളില്‍ പ്രതിരോധ മന്ത്രിപദവി ഒഴിയണമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ട് വര്‍ഷക്കാലയളവാണ് തായ് ലന്‍ഡ് പ്രധാനമന്ത്രിക്ക് അനുവദനീയമായിട്ടുളളത്. 2017 ഏപ്രിലിലാണ് ഇതുമായി ബന്ധപ്പെട്ട നിയമം പ്രാബല്യത്തിലായത്.
2019 ലെ പൊതു തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് പുതിയ ഭരണഘടന പ്രകാരം പ്രയുത് വീണ്ടും അധികാരത്തിലേറിയത്. ഉപപ്രധാനമന്ത്രിയായ പ്രവിത് ഭരണകക്ഷിയായ പലാങ് പ്രചാരത് പാര്‍ട്ടിയുടെ തലവനാണ്.
2019 തിരഞ്ഞെടുപ്പില്‍ സൈനിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി രൂപീകരിച്ച നിഴല്‍പാര്‍ട്ടിയാണിത്. അതിനിടെ നേരത്തെ ആഢംബര വാച്ചുകളുടെ വലിയ ശേഖരം കൈവശം വെച്ചുവെന്ന പേരില്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണവും പൂര്‍ണമായി നീങ്ങിയിട്ടില്ല.