Thursday, April 3, 2025

കായിക ദിനം കടന്നു വരുമ്പോള്‍….

ഡോ. സെമിച്ചന്‍ ജോസഫ്

തുടര്‍ച്ചയായി 5 പ്രാവശ്യം ലോക ചാമ്പ്യനും 10 വര്‍ഷമായി ലോക നമ്പര്‍ വണ്‍ കളിക്കാരനുമായ ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സനെ തോല്‍പ്പിച്ച 17 വയസ്സുകാരനായ തമിഴ് ബാലന്‍ പ്രഗ്‌നാനന്ദ ഇന്ന് നമ്മുടെ താരമാണ്. ചെസ്സിന്റെ സങ്കീര്‍ണ്ണതലങ്ങള്‍ അറിയാത്ത സാധാരണ മനുഷ്യര്‍ പോലും ഈ വിജയം ആഘോഷിക്കുന്നു.

ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ചിര വൈരികളായ പാക്കിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തി എന്ന വാര്‍ത്ത കേട്ട് സന്തോഷിച്ചു കൊണ്ടാണ് ഇന്നലെ നാം ഉറങ്ങാന്‍ കിടന്നത്.

ഒരു രാജ്യം എന്ന നിലയില്‍ നമ്മെ ഒന്നിപ്പിക്കാനും ചേര്‍ത്തുനിര്‍ത്താനും കഴിയുന്ന വലിയ ശക്തിസ്രോതസ്സാണ് നമ്മുടെ കായിക മേഖല. സ്പോര്‍ട്സിന്റെ മൂല്യങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുക, അച്ചടക്കം, സ്ഥിരോത്സാഹം, സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ്, ടീം വര്‍ക്ക് എന്നിവ സ്പോര്‍ട്സിലൂടെ പുതിയ തലമുറക്ക് പകര്‍ന്നു നല്‍കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ദേശീയ കായിക ദിനം ആചരിക്കുന്നത്.

ഇന്ത്യയുടെ ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ആണ് അതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയ്ക്ക് തുടര്‍ച്ചയായി മൂന്നുതവണ ഒളിമ്പിക്‌സ് ഹോക്കിയില്‍ സ്വര്‍ണ മെഡല്‍ നേടത്തന്ന താരമാണ് ധ്യാന്‍ ചന്ദ്. ധ്യാന്‍ചന്ദിന്റെ കാലം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണകാലഘട്ടമായി കണക്കാക്കപ്പെടുന്നു.

കൂലിപ്പട്ടാളക്കാരനായി ബ്രിട്ടീഷ് പട്ടാളത്തില്‍ ജോലി തുടങ്ങിയ അദ്ദേഹത്തിന് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വാതന്ത്ര്യാനന്തരം പട്ടാളത്തില്‍ മേജര്‍ പദവി നല്‍കുകയും 1956ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിക്കുകയും ചെയ്തു.

140 കോടി ഇന്ത്യക്കാരുടെ പ്രതിനിധികളായി രാജ്യാന്തര വേദികളില്‍ നമ്മുടെ അഭിമാനമുയര്‍ത്തിയ കായികതാരങ്ങളെ ആദരിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ ദിനാചരണം ലക്ഷ്യം വെക്കുന്നു. അന്നേ ദിവസമാണ് രാഷ്ട്രപതി കായിക താരങ്ങള്‍ക്കുള്ള അര്‍ജുന അവാര്‍ഡ് പരിശീലകര്‍ക്കുളള ദ്രോണാചാര്യ പുരസ്‌കാരം എന്നിവ സമ്മാനിക്കുന്നത്.

ഈ വര്‍ഷം ‘യുവജനകാര്യ, കായിക മന്ത്രാലയം’ (MYAS) ‘ഫിറ്റ് ഇന്ത്യ മിഷനുമായി സഹകരിച്ചു വിപുലമായ പരിപാടികള്‍ ദിനചാരണ ത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

സമ്പന്നമായ മനുഷ്യ വിഭവ ശേഷി കൊണ്ട് അനുഗ്രഹീതമായ ഭാരതത്തിന് പലപ്പോഴും കായിക ഭൂപടത്തില്‍ അത്രമേല്‍ വലിയ മേല്‍മകള്‍ ഒന്നും അവകാശപ്പെടാനില്ല. ക്രിക്കറ്റ്, ഹോക്കി കബഡി, ഗുസ്തി തുടങ്ങിയ ചില പ്രത്യേക ഇനങ്ങളില്‍ ഒതുങ്ങുന്നതാണ് നമ്മുടെ കായിക മേഖലയിലെ നേട്ടങ്ങള്‍. കോമണ്‍വെല്‍ത്തു ഗെയിംസിലെയും ഒളിമ്പിക്‌സിലെയും ചെറുതല്ലാത്ത നേട്ടങ്ങള്‍ സമീപകാലത്തു പ്രതീക്ഷ പകരുന്നുണ്ട്. അതുകൊണ്ട് തന്നെ കായിക മേഖലയുടെ വളര്‍ച്ചക്ക് ദിശാബോധമുള്ള, സമഗ്രമായ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടതുണ്ട്.

ഫാ. ഹെന്റി മാര്‍ട്ടിന്‍ ഡിഡിയോണ്‍ എന്ന ഡൊമിനിക്കല്‍ സന്യാസി നിര്‍ദ്ദേശിച്ച കൂടുതല്‍ വേഗത്തില്‍ , കൂടുതല്‍ ഉയരത്തില്‍ , കൂടുതല്‍ ശക്തിയില്‍ എന്ന ഒളിംമ്പിക്‌സിന്റെ മുദ്രാവാക്യം ഈ ദേശീയ കായിക ദിനത്തില്‍ നമുക്ക് പ്രചോദനമാകട്ടെ.

 

Latest News