സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു. മോസ്‌കോയില്‍ വച്ചായിരുന്നു അന്ത്യം. 92 വയസായിരുന്നു.
ഗ്ലാസ്‌നോസ്റ്റ്, പെരിസ്‌ട്രോയിക്ക എന്നീ പദങ്ങളോട് ചേര്‍ത്ത് ലോകം ഓര്‍ക്കുന്ന ഗോര്‍ബച്ചേവ് ആധുനിക റഷ്യയുടെ പിറവിയില്‍ പ്രധാന പങ്കുവഹിച്ചു. അമേരിക്കയുമായുള്ള ശീതയുദ്ധം അവസാനിപ്പിച്ച അദേഹത്തിന് 1990-ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കി ലോകം ആദരിച്ചു.
1985-ല്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയിലെത്തിയ അദേഹം ശാന്തതയുടെ തോഴനായിരുന്നു. അഭിപ്രായസ്വാതന്ത്ര്യം(ഗ്ലാസ്‌നോസ്റ്റ്) അനുവദിച്ചും അംഗരാജ്യങ്ങളുടെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെ(പെരിസ്‌ട്രോയിക്ക) അടിച്ചമര്‍ത്താതെയും ഗോര്‍ബച്ചേവ് വ്യത്യസ്തനായി.
ശീതയുദ്ധത്തെ തുടര്‍ന്നുണ്ടായ സാന്പത്തിക തകര്‍ച്ചയും ലോകത്തിന് മുന്നില്‍ നേതൃത്വം വലിച്ചിട്ട ‘ഇരുന്പ് മറ’യും സോവിയറ്റ് തകര്‍ച്ചയുടെ ആഘാതം വര്‍ധിപ്പിച്ചെങ്കിലും തീവ്ര റഷ്യാ വാദികള്‍ എന്നും കുറ്റപ്പെടുത്തിയത് ഗോര്‍ബച്ചേവിനെയാണ്. തന്റെ ശക്തമായ നിലപാടുകളുടെ പേരില്‍ എക്കാലവും ലോകമെങ്ങും ഗോര്‍ബച്ചേവ് ഓര്‍മിക്കപ്പെടും.