Sunday, November 24, 2024

വെളളപ്പൊക്കത്തില്‍ ആയിരം കോടിയിലേറെ ഡോളറിന്റെ നഷ്ടം; ലോകത്തോട് സഹായം അഭ്യര്‍ഥിച്ച് പാകിസ്താന്‍

കനത്ത പ്രളയത്തെ തുടര്‍ന്ന് പാകിസ്താന്റെ മൂന്നില്‍ ഒരു ഭാഗം വെളളക്കെട്ടിലാണ്. അതിനിടെ രാജ്യത്തിന് നേരിട്ട നഷ്ടത്തിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇതുവരെ രാജ്യത്തിന് 10 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. അത് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കണക്കാക്കിയ നഷ്ടം ആസൂത്രണ മന്ത്രി അഹ്‌സന്‍ ഇഖ്ബാല്‍ സിഎന്‍എന്നിനോട് വെളിപ്പെടുത്തി. ‘കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടാന്‍ പാകിസ്താന് ലോകത്തിന്റെ സഹായം ആവശ്യമാണ് അദ്ദേഹം വ്യക്തമാക്കി. മാരകമായ വെള്ളപ്പൊക്കം വിതച്ച നാശത്തില്‍ മരിച്ചവരുടെ എണ്ണം മരണസംഖ്യ 1100 കവിഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണെന്നും തുര്‍ക്കിയില്‍ നിന്നുള്ള ഏഴ് സൈനിക വിമാനങ്ങളും യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ നിന്നുള്ള മൂന്ന് സൈനിക വിമാനങ്ങളും ഉള്‍പ്പെടുന്ന വിദേശ സഹായം എത്തിത്തുടങ്ങിയതായും പാകിസ്താന്‍ സൈന്യം പ്രസ്താവനയില്‍ വിശദീകരിച്ചു.

പ്രളയത്തില്‍ കുടുങ്ങിയ 300ലധികം വ്യക്തികളെ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് രക്ഷിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനുപുറമെ 23 മെട്രിക് ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്തു. 50ലധികം മെഡിക്കല്‍ ക്യാമ്പുകള്‍ സജ്ജീകരിച്ചു. അവിടെ 33,000ത്തിലധികം രോഗികള്‍ ചികിത്സയിലാണെന്നും പ്രസ്താവനയില്‍ പറയുന്നു.

യുണൈറ്റഡ് കിംഗ്ഡം, കാനഡ, ഓസ്‌ട്രേലിയ, അസര്‍ബൈജാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായ പ്രഖ്യാപനങ്ങള്‍ക്ക് പുറമേ, 3,000 ടെന്റുകളുള്ള രണ്ട് വിമാനങ്ങള്‍ ചൈന ചൊവ്വാഴ്ച അയയ്ക്കുമെന്നും ജപ്പാന്‍ ടാര്‍പോളിനും ഷെല്‍ട്ടറുകളും നല്‍കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. പാകിസ്താന്‍ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധിയില്‍ ആയിരിക്കുന്നതിനിടെയാണ് വിനാശകരമായ വെള്ളപ്പൊക്കം ദുരിതമായി എത്തിയത്. അന്താരാഷ്ട്ര നാണയ
നിധി (ഐഎംഎഫ്) തിങ്കളാഴ്ച വാഗ്ദാനം ചെയ്ത 1.17 ബില്യണ്‍ ഡോളറിന്റെ സഹായം പാകിസ്താന് ദുരന്തത്തിനിടെ മറ്റൊരു ആശ്വാസമായി.

വെള്ളപ്പൊക്കത്തില്‍ പത്തുലക്ഷം വീടുകള്‍ക്കും നാശനഷ്ടമുണ്ടായതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ 220 ദശലക്ഷം ജനസംഖ്യയില്‍ 4,98,000 പേര്‍ മാത്രമാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. കുടിയൊഴിപ്പിക്കപ്പെട്ട നിരവധി ആളുകള്‍ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ ക്യാമ്പുകള്‍ക്ക് പുറത്താണ് താമസം. വിനാശകരമായ വെള്ളപ്പൊക്കത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട് ഏകദേശം 500,000 ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കും ട്രെയിനുകള്‍ വീണ്ടും സര്‍വീസ് നടത്തുന്നതിനുളള ദൈര്‍ഘ്യമേറിയ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ 150ലധികം പാലങ്ങള്‍ തകര്‍ന്നു. നിലവധി ഹൈവേകള്‍ ഒലിച്ചുപോയതും രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണ്ണമാക്കി.

 

 

 

 

Latest News