ഭക്ഷ്യ പൊതുവിതരണ സമ്പ്രദായത്തെയും താങ്ങുവിലയെയും ശക്തമായി പിന്തുണച്ച പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനും ആസൂത്രണ കമ്മിഷന്‍ മുന്‍ അംഗവുമായ അഭിജിത് സെന്‍ (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
ഡോ.മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന 2004 മുതല്‍ 2014 വരെ ആസൂത്രണ കമ്മിഷനില്‍ അംഗമായിരുന്നു. 2014 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ ധാന്യങ്ങളുമായി ബന്ധപ്പെട്ട ദീര്‍ഘകാല നയം രൂപീകരിക്കാനുള്ള ഉന്നതതല കര്‍മ സമിതിയുടെ അധ്യക്ഷനാക്കി. 2010 ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞയും ജെഎന്‍യുവിലെ സെന്റര്‍ ഫോര്‍ ഇക്കണോമിക് സ്റ്റഡീസ് ആന്‍ഡ് പ്ലാനിങ് ചെയര്‍പഴ്സനുമായ ജയതി ഘോഷ് ആണ് ഭാര്യ. മാധ്യമപ്രവര്‍ത്തക ജാഹ്നവി ആണ് മകള്‍.
കേംബ്രിജ് യൂണിവേഴ്സിറ്റിയില്‍ നിന്ന് പിഎച്ച്ഡി നേടിയ സെന്‍ ഓക്സ്ഫോഡ്, കേംബ്രിഡ്ജ്, ജെഎന്‍യു എന്നീ സര്‍വകലാശാലകളില്‍ സാമ്പത്തികശാസ്ത്ര അധ്യാപകനായിരുന്നു. ഗ്രാമീണ സമ്പദ്വ്യവസ്ഥയെപ്പറ്റി ആഴത്തില്‍ പഠിച്ചു. അരിയുടെയും ഗോതമ്പിന്റെയും സാര്‍വത്രിക പൊതുവിതരണമാണ് വേണ്ടതെന്നും ഇക്കാര്യത്തില്‍ സമ്പന്നനെന്നും ദരിദ്രനെന്നും വേര്‍തിരിക്കേണ്ട കാര്യമില്ലെന്നും അഭിജിത് സെന്‍ നല്‍കിയ റിപ്പോര്‍ട്ടാണ് 2013 ല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്.
ഭക്ഷ്യ സബ്‌സിഡി ഖജനാവിന് ഭാരമുണ്ടാക്കുന്നുവെന്ന വാദം അതിശയോക്തി കലര്‍ന്നതാണെന്ന് അദ്ദേഹം സമര്‍ഥിച്ചു. സാര്‍വത്രിക ഭക്ഷ്യ പൊതുവിതരണം നടത്താനും കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുനല്‍കാനും വേണ്ട സാമ്പത്തിക സൗകര്യം രാജ്യത്തിനുണ്ടെന്നും ചൂണ്ടിക്കാട്ടി.
യുഎന്‍ഡിപി, ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക്, ഫുഡ് ആന്‍ഡ് അഗ്രികള്‍ചറല്‍ ഓര്‍ഗനൈസേഷന്‍ (എഫ്എഒ) തുടങ്ങിയ രാജ്യാന്തര സ്ഥാപനങ്ങളുമായി ചേര്‍ന്നും പ്രവര്‍ത്തിച്ചു. ബംഗാള്‍, ത്രിപുര എന്നിവിടങ്ങളിലെ ആസൂത്രണ ബോര്‍ഡ് അംഗവുമായിരുന്നു. കാര്‍ഷിക ഉല്‍പന്നങ്ങളുടെ മിനിമം താങ്ങുവില നിശ്ചയിക്കാനുള്ള അഗ്രികള്‍ചറല്‍ കോസ്റ്റ്സ് ആന്‍ഡ് പ്രൈസസ് കമ്മിഷന്റെ ചെയര്‍മാനായിരുന്നു. അഭിജിത് സെന്നിന്റെ പിതാവ് സമര്‍ സെന്‍ ലോക ബാങ്കില്‍ സാമ്പത്തികശാസ്ത്രജ്ഞനായിരുന്നു. സഹോദരന്‍ പ്രണബ് സെന്‍ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്റെ ചെയര്‍മാനും ഇന്ത്യയുടെ ചീഫ് സ്റ്റാറ്റിസ്റ്റീഷ്യനുമായിരുന്നു.