കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക് മാര്‍ക്കറ്റിന് പോലും പൂട്ടിട്ട് ചൈന. തെക്കന്‍ ചൈനയിലെ ഷെന്‍ഷെനിലുള്ള ഹ്വാങിയാങ്ബെയ് ആണ് അടച്ചൂപൂട്ടിയത്. സമീപത്തുള്ള പൊതുഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിയ്ക്കുകയും ചെയ്തു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ചൈനയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.
നാലു ദിവസത്തേയ്ക്കാണ് ഇലക്ട്രോണിക് മൊത്ത വ്യാപാര കേന്ദ്രമായ ഹ്വാങിയാങ്ബെയില് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കമ്പ്യൂട്ടര്‍ പാര്‍ട്സ്, മൊബൈല്‍ പാര്‍ട്സ്, മൈക്രോചിപ്പുകള്‍ എന്നിവ വില്‍ക്കുന്ന ആയിരക്കണക്കിന് സ്റ്റാളുകളുള്ള തിരക്കേറിയ ഷോപ്പിംഗ് ഏരിയയാണ് ഹുവാകിയാങ്ബെയ്.
ഫ്യൂഷന്‍ ജില്ലയിലാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്കൊഴികെ വീടിന് പുറത്തേക്ക് ഇറങ്ങുന്നതിന് ആളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച വരെയാണ് ലോക്ഡൗണ്‍. സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍, ആശുപത്രികള്‍ എന്നിവ ഒഴികെ ഈ പ്രദേശങ്ങളിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളും വ്യാഴാഴ്ച വരെ അടച്ചിടും.
ലുവോഹു, ലോങ്ഗാങ് ജില്ലകളില്‍ എല്ലാ വിനോദ വേദികളും പൊതു പാര്‍ക്കുകളും അടച്ചുപൂട്ടുകയും കോണ്‍ഫറന്‍സുകളും പ്രകടനങ്ങളും മുതല്‍ എല്ലാ ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്. ഹുവാകിയാങ്ബെയ് ഇലക്ട്രോണിക്സ് മാര്‍ക്കറ്റ് ഉള്‍പ്പെടെ ഷെന്ഷെനിലിടനീളം 24 സബ്വേ സ്റ്റേഷനുകളിലും നൂറുകണക്കിന് ബസ് സ്റ്റേഷനുകളിലും സര്‍വീസ് നിര്‍ത്തിവച്ചു.