Sunday, November 24, 2024

ഹിജാബ് ധരിക്കാത്തവര്‍ക്ക് സാധനങ്ങള്‍ നല്‍കരുതെന്ന് കടയുടമകള്‍ക്ക് താലിബാന്റെ നിര്‍ദ്ദേശം

അഫ്ഗാനിസ്താനില്‍ സ്ത്രീകളെ അടിച്ചമര്‍ത്തുന്നത് തുടര്‍ന്ന് താലിബാന്‍ ഭരണകൂടം. ഹിജാബ് ധരിക്കാത്തവര്‍ക്ക് ഇനി മുതല്‍ സാധനങ്ങള്‍ നല്‍കരുതെന്നാണ് കടയുടമകള്‍ക്ക് താലിബാന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അഫ്ഗാനിലെ ബാല്‍ക്ക് പ്രവിശ്യയിലാണ് താലിബാന്‍ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭരണകൂടത്തിന്റെ മുന്നറിയിപ്പ് ഉണ്ട്.

സ്ത്രീകള്‍ വീടിനുള്ളിലും പൊതുസ്ഥലത്തും ഹിജാബ് ധരിക്കണമെന്നാണ് താലിബാന്‍ ഭരണകൂടത്തിന്റെ ഉത്തരവ്. ഇത് പൂര്‍ണമായി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു ഉത്തരവ്. നിയമം ലംഘിക്കുന്നവര്‍ക്ക് തടവ് ഉള്‍പ്പെടെ കര്‍ശനമായ ശിക്ഷയായിരിക്കും ലഭിക്കുകയെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ അറിയിച്ചു. അധികാരത്തിലേറയത് മുതല്‍ സ്ത്രീകളെ അടിച്ചമര്‍ത്തുന്ന നടപടികളാണ് താലിബാന്‍ സ്വീകരിച്ചുവരുന്നത്.

അധികാരത്തിലേറിയതിന് പിന്നാലെ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയായിരുന്നു സ്ത്രീവിരുദ്ധ നയങ്ങള്‍ക്ക് താലിബാന്‍ തുടക്കം കുറിച്ചത്. സ്ത്രീകളുടെ അഭിപ്രായ സ്വാതന്ത്ര്യം താലിബാന്‍ ഇല്ലാതാക്കി. ഹിജാബ് നിര്‍ബന്ധമാക്കി. സ്ത്രീകള്‍ അഭിനയിക്കുന്ന സിനിമകള്‍ക്ക് പോലും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

Latest News