മൂന്നുമാസമായി നിലയ്ക്കാതെ പെയ്യുന്ന മൺസൂൺ മഴയിലും പ്രളയത്തിലും പെട്ട് പാക്കിസ്ഥാനിലെ മൂന്നു ദശലക്ഷത്തിലധികം കുട്ടികളുടെ ജീവൻ അപകടത്തിലായിരിക്കുകയാണ് എന്ന് യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട്. ആഗസ്റ്റ് 31 -ന് നടത്തിയ പ്രസ്താവനയിലാണ് യുണിസെഫ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജൂലൈ മാസം പകുതി മുതൽ നിലയ്ക്കാതെ പെയ്യുന്ന മഴ രാജ്യത്തിന്റെ പകുതിയോളം പ്രദേശത്തെ വിഴുങ്ങിക്കഴിഞ്ഞു. ആയിരത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 287,000 ൽ അധികം വീടുകൾ നശിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.
പാക്കിസ്ഥാന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണ് ഇത്. പ്രളയ ദുരന്തങ്ങൾ മൂലം മൂന്ന് ദശലക്ഷത്തിലധികം കുട്ടികൾക്ക് മാനുഷിക സഹായം ആവശ്യമാണെന്നും ജലജന്യ രോഗങ്ങൾ, മുങ്ങിമരണം, പോഷകാഹാരക്കുറവ് എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും യുണിസെഫ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ദുരിതബാധിത പ്രദേശങ്ങളിലെ കുട്ടികളുടെയും കുടുംബങ്ങളുടെയും അടിയന്തര ആവശ്യങ്ങളോട് പ്രതികരിക്കാൻ സർക്കാർ, സർക്കാരിതര പങ്കാളികളുമായി യുണിസെഫ് പ്രവർത്തിക്കുന്നു.
2022 ജൂലൈ പകുതിയോടെ ആരംഭിച്ച കനത്ത മൺസൂൺ മഴയുടെ ആഘാതം അതിരൂക്ഷമാണ്, ഇത് രാജ്യത്തുടനീളമുള്ള 116 ജില്ലകളിലെ 33 ദശലക്ഷം ആളുകൾ, ഏകദേശം 16 ദശലക്ഷം കുട്ടികൾ ഉൾപ്പെടെ ഉള്ളവരെ ബാധിച്ചിരിക്കുകയാണ്. ഖൈബർ പഖ്തൂല്ക്വ, ഗിൽജിത് ബാൾട്ടിസ്ഥാൻ, സിന്ധ്, ബലൂചിസ്ഥാൻ തുടങ്ങിയ മേഖലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്.
“350-ലധികം കുട്ടികൾ ഉൾപ്പെടെ 1,100-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. 1,600-ലധികം പേർക്ക് പരിക്കേറ്റു. 287,000-ലധികം വീടുകൾ പൂർണ്ണമായും, 662,000-ൽ അധികം വീടുകൾ ഭാഗികമായും നശിച്ചു. ചില പ്രധാന നദികൾ അവയുടെ തീരം തകർത്തു, അണക്കെട്ടുകൾ കവിഞ്ഞു, വീടുകളും കൃഷിയിടങ്ങളും നശിപ്പിച്ചു. റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, പൊതുജനാരോഗ്യ സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കപ്പെട്ടിരിക്കുകയാണ്.” റിപ്പോർട്ട് വ്യക്തമാക്കുന്നു.
വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിൽ 30 ശതമാനം ജലസംവിധാനങ്ങളും തകരാറിലായിട്ടുണ്ടെന്നും വയറിളക്കം, ജലജന്യ രോഗങ്ങൾ, ശ്വാസകോശ സംബന്ധമായ അണുബാധകൾ, ചർമ്മരോഗങ്ങൾ എന്നിവ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 40 ശതമാനം കുട്ടികളും വെള്ളപ്പൊക്കത്തിന് മുമ്പ് തന്നെ, വിട്ടുമാറാത്ത പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന വളർച്ചക്കുറവിനു ഇരയായിട്ടുണ്ട്. കൂടാതെ വരും ദിവസങ്ങൾ ഇപ്പോഴുള്ളതിനേക്കാൾ ദുരിതപൂർണ്ണമാകും എന്ന വിവരങ്ങളാണ് പാക്കിസ്ഥാനിൽ നിന്നും ലഭിക്കുന്നത് എന്ന് യുണിസെഫ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.