ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്രസമരസേനാനിയായി കരുതപ്പെടുന്ന മംഗല്‍ പാണ്ഡേ ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ നഗ്വ എന്ന ഗ്രാമത്തില്‍ 1827 ജൂലൈ 19 നാണ് ജനിച്ചത്. ബ്രാഹ്മണ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്.
മംഗല്‍ പാണ്ഡെ എന്ന ശിപായി
1849ല്‍ തന്റെ 22-ാം വയസ്സില്‍ മംഗല്‍ പാണ്ഡേ ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ ചേര്‍ന്നു. 34-ആം ബംഗാള്‍ നേറ്റീവ് ഇന്‍ഫന്ററിയിലെ അഞ്ചാം കമ്പനിയില്‍ ശിപായി ആയാണ് മംഗല്‍ പാണ്ഡേ ഉദ്യോഗത്തില്‍ പ്രവേശിച്ചത്. ഒരു സാധാരണ ശിപായി ആയിരുന്ന മംഗല്‍ പാണ്ഡെ പില്‍കാലത്ത് ശിപായി ലഹള എന്നറിയപ്പെട്ട ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് രാജ്യം മുഴുവന്‍ അറിയുന്ന ഒരു വ്യക്തിയായത്. 1857-ല്‍ നടന്ന ഈ ലഹള ഇന്ത്യയിലെ ആദ്യ സ്വാതന്ത്ര്യ സമരമായി കണക്കാക്കപ്പെടുന്നു. ഒരു തികഞ്ഞ ഹിന്ദു വിശ്വാസിയായ മംഗല്‍ പാണ്ഡേ, തന്റെ മതത്തിന്റെ വിശ്വാസങ്ങളെ ഹനിക്കുന്നരീതിയിലുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ പ്രതിഷേധിച്ചതാണ് ഈ സമരത്തിന്റെ മൂലകാരണം.
ശിപായിമാരെ ചൊടിപ്പിച്ച സംഭവം
ബംഗാള്‍ സൈന്യത്തില്‍ പുതിയതായി എത്തിയ എന്‍ഫീല്‍ഡ്-പി-53 തോക്കുകളില്‍ ഉപയോഗിക്കുന്ന തിരകളെക്കുറിച്ചുള്ള ദുരീകരിക്കാത്ത സംശയങ്ങളായിരുന്നു മംഗല്‍ പാണ്ഡേ തുടക്കമിട്ട സമരത്തിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. തോക്കുകളില്‍ ഉപയോഗിക്കുന്നതിനു മുമ്പായി തിരകള്‍ പൊതിഞ്ഞിരിക്കുന്ന കടലാസുകൊണ്ടുള്ള ആവരണം പട്ടാളക്കാര്‍ കടിച്ചു തുറക്കേണ്ടിയിരുന്നു. ഈ കടലാസ് ആവരണത്തില്‍ പന്നിയുടേയും, പശുവിന്റേയും കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ടെന്ന കിംവദന്തി പട്ടാളക്കാര്‍ക്കിടയില്‍ പെട്ടെന്നു പടര്‍ന്നു. ഹിന്ദു മതത്തില്‍ പശു ഒരു വിശുദ്ധ മൃഗമായി കണക്കാക്കിയിരുന്നു, മുസ്ലിം സമുദായത്തില്‍ പന്നി ഒരു വര്‍ജ്ജിക്കപ്പെട്ട മൃഗവുമായിരുന്നു. തങ്ങളുടെ മതവികാരങ്ങളെ ഹനിക്കാനുള്ള ബ്രിട്ടീഷുകാരുടെ മനപൂര്‍വ്വമുള്ള ഒരു ശ്രമമായി യാഥാസ്ഥിതിക ഹിന്ദു, മുസ്ലിം സമുദായക്കാര്‍ കരുതി. ഈ കടലാസ് ആവരണത്തില്‍ മെഴുകും, ആടിന്റെ മാംസത്തില്‍ നിന്നെടുക്കുന്ന കൊഴുപ്പും മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. അതുപോലെ, പട്ടാളക്കാര്‍ക്കു ഭക്ഷണത്തിനായി നല്‍കിയ ഗോതമ്പു പൊടിയില്‍ പശുവിന്റെ എല്ലു പൊടിച്ചു ചേര്‍ത്തിരുന്നുവെന്ന വ്യാജവാര്‍ത്തയും പ്രചരിക്കപ്പെട്ടു.
ഒരു തികഞ്ഞ ഹിന്ദു വിശ്വാസിയായ മംഗല്‍ പാണ്ഡേ, തന്റെ മതത്തിന്റെ വിശ്വാസങ്ങളെ ഹനിക്കുന്നരീതിയിലുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ പ്രതിഷേധിച്ചാണ് 1857 മാര്‍ച്ച് 29ന് കല്‍ക്കട്ടക്കടുത്തുള്ള ബാരഖ്പൂര്‍ എന്ന സൈനികതാവളത്തില്‍ തന്റെ മേധാവിയും, 34 ആം റെജിമെന്റിന്റെ ഓഫീസറുമായ ലഫ്ടനന്റ്, ബോഗിനെതിരേ വെടിയുതിര്‍ത്തത്. എന്നാല്‍ മംഗല്‍ പാണ്ഡേക്ക് ലക്ഷ്യം കണ്ടെത്താനായില്ല. തിരികെ വെടിവെച്ച ബോഗിന്റെ ലക്ഷ്യവും പാഴായി. എന്നാല്‍ ബോഗിന്റ കുതിരക്ക് വെടിയേറ്റിരുന്നു. താഴെ വീണ ബോഗിനെ മംഗല്‍ പാണ്ഡെ തന്റെ വാളുകൊണ്ട് പരുക്കേല്‍പ്പിക്കാന്‍ ശ്രമിച്ചു. ഈ സമയം അടുത്തുണ്ടായിരുന്ന മറ്റൊരു സൈനികന്‍ മംഗല്‍ പാണ്ഡേയെ തടഞ്ഞു. ഈ വിവരം അറിഞ്ഞ് പരേഡ് മൈതാനത്തെത്തിയ സെര്‍ജന്റ് മേജര്‍ ജോയ്സി ഹെര്‍സെ ഇന്ത്യാക്കാരനായ ഇഷാരി പാണ്ഡേയോട് മംഗല്‍ പാണ്ഡേയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു.
മഗംല്‍ പാണ്ഡെയുടെ മരണം
എന്നാല്‍ ഇഷാരി തന്റെ മേലധികാരിയുടെ ഉത്തരവിനെ നിരസിച്ചു. മറ്റു ശിപായിമാര്‍ മംഗല്‍ പാണ്ഡേയെ വിട്ടയക്കാന്‍ ഷെയ്ക്ക് പാള്‍ത്തുവിനോട് ആവശ്യപ്പെട്ടെങ്കിലും അയാള്‍ തയ്യാറായില്ല. ഉടന്‍ തന്നെ അവര്‍ അയാള്‍ക്കു നേരെ കല്ലുകള്‍ വലിച്ചെറിയാന്‍ തുടങ്ങി. ജോയ്സിയുടെ ഉത്തരവിനെ ആരും തന്നെ അനുസരിക്കാന്‍ തയ്യാറായില്ല. തന്റെ ആജ്ഞയെ അനുസരിക്കാത്തവരെ വെടിവെക്കുമെന്ന് അയാള്‍ ആക്രോശിക്കാന്‍ തുടങ്ങി. ഈ സമയത്ത് തന്റെ തോക്കില്‍ നിന്ന് മംഗല്‍ സ്വയം വെടിയുതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നിസ്സാരമായ പരുക്കേറ്റ മംഗല്‍ പാണ്ഡേയെ അറസ്റ്റ് ചെയ്തു. 34 ആം ബംഗാള്‍ നേറ്റീവ് ഇന്‍ഫെന്‍ട്രി പിരിച്ചുവിട്ടു. തങ്ങളുടെ മേലധികാരിക്കെതിരായി ഉണ്ടായ ഒരു ആക്രമണത്തെ ചെറുക്കുന്നതില്‍ ശിപായിമാര്‍ പരാജയപ്പെട്ടു എന്നതായിരുന്നു കാരണം. ഈ കുറ്റത്തിന് മംഗല്‍ പാണ്ഡെ എന്ന ആ വിപ്ലവകാരിയെ 1857 ഏപ്രില്‍ 8 ന് പരേഡ് ഗ്രൌണ്ടില്‍ പരസ്യമായി തൂക്കിക്കൊന്നു. ഇദ്ദേഹമാണ് ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്നതും.
തപാല്‍ സ്റ്റാമ്പും സിനിമയും
മംഗല്‍ പാണ്ഡേയോടുള്ള ആദരസൂചകമായി ഇന്ത്യന്‍ ഗവണ്‍മെന്റ് 1984 ല്‍ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കുകയുണ്ടായി. 2005 ല്‍ കേതന്‍ മേത്ത, ‘മംഗല്‍ പാണ്ഡേ: ദി റൈസിംഗ്’ എന്ന പേരില്‍ ഒരു സിനിമയും സംവിധാനം ചെയ്യുകയുണ്ടായി. ബ്രിട്ടീഷ് നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ വ്യക്തി എന്ന നിലയില്‍ രാജ്യം എന്നും ഓര്‍ക്കുന്ന പേരാണ് മംഗല്‍ പാണ്ഡെ എന്നത്.