ഫ്രാൻസിസ് മാർപാപ്പ, ജോൺ പോൾ ഒന്നാമൻ മാർപാപ്പയെ ഇന്ന് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തും. ചടങ്ങിന്റെ വിശദാംശങ്ങൾ വത്തിക്കാൻ പുറത്തിറക്കി. ഇതിനോട് അനുബന്ധിച്ചു വത്തിക്കാൻ പ്രസ് ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ, വൈദികർക്കായുള്ള കോൺഗ്രിഗേഷന്റെ നേതാവും പ്രിഫെക്റ്റ് എമിരിറ്റസും ആയ കർദ്ദിനാൾ ബെനിയാമിനോ സ്റ്റെല്ല പങ്കെടുത്തു.
ജോൺ പോൾ ഒന്നാമൻ മാർപാപ്പ ജനിച്ചതും തന്റെ വൈദിക എപ്പിസ്‌കോപ്പൽ ശുശ്രൂഷകൾ നിർവ്വഹിച്ചതും ഇറ്റലിയിലെ ബെല്ലുനോ രൂപതയിലാണ്. കർദ്ദിനാൾ സ്റ്റെല്ല, ജോൺ പോൾ ഒന്നാമനെ തനിക്ക് ചെറുപ്പം മുതലേ അറിയാമെന്നും വൈദികനെന്ന നിലയിൽ തന്റെ ജീവിതത്തിൽ അദ്ദേഹം ഒരു മാതൃകയാണെന്നും വെളിപ്പെടുത്തി. പ്രത്യേകമായി, കർദ്ദിനാൾ അടുത്ത വാഴ്ത്തപ്പെട്ടവരുടെ മൂന്ന് സ്വഭാവ വിശേഷങ്ങൾ എടുത്തുപറഞ്ഞു:
“നന്നായി പ്രാർത്ഥിക്കുന്ന, ദാരിദ്ര്യ അരൂപിയിൽ ജീവിച്ചിരുന്ന, ജനങ്ങളുമായി നല്ല രീതിയിൽ ഇടപഴകുന്ന ഒരു പുരോഹിതൻ” എന്നാണ് കർദ്ദിനാൾ ജോൺ പോൾ ഒന്നാമൻ മാർപാപ്പയെ വിശേഷിപ്പിച്ചത്. ജോൺ പോൾ ഒന്നാമൻ മാർപാപ്പയെ കുറിച്ച് ‘രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അപ്പോസ്തലൻ’ എന്നാണ് വൈസ് പോസ്റ്റുലേറ്ററും പത്രപ്രവർത്തകയുമായ സ്റ്റെഫാനിയ ഫലാസ്ക പറഞ്ഞത്.