അനുവാദമില്ലാതെ പാലക്കാട് ചെറാട് കുമ്പാച്ചി മലയില്‍ കയറുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇനി മല കയറുന്നവര്‍ക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും വനം മന്ത്രി എ. കെ. ശശീന്ദ്രന്‍ പറഞ്ഞു. ഇന്നലെ രാത്രി കുമ്പാച്ചി മലയുടെ മുകളില്‍ ഒരാള്‍ കൂടി കുടുങ്ങിയ സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബാബുവിന് ലഭിച്ച സംരക്ഷണം ആര്‍ക്കുമുണ്ടാകില്ല. ബാബുവിന് കിട്ടിയ സംരക്ഷണം മറയാക്കി ആരും മല കയറുകയുമരുത്. മല കയറാന്‍ കൃത്യമായ നിബന്ധനകളും മാനദണ്ഡങ്ങളും ഉടനടി തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ രാത്രി ചെറാട് മലമുകളില്‍ കയറിയ യുവാവിനെ രാത്രി തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ താഴെ എത്തിക്കുകയായിരുന്നു. ആറ് മണിക്കൂര്‍ നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തി ബേസ് ക്യാമ്പിലെത്തിച്ചത്. മലയുടെ മുകളില്‍ നിന്ന് ഫ്‌ളാഷ്‌ലൈറ്റ് തെളിഞ്ഞതോടെ നാട്ടുകാരാണ് അധികൃതരെ വിളിച്ചറിയിച്ചത്. ആനക്കല്ല് സ്വദേശിയായ രാധാകൃഷ്ണന്‍ എന്നയാളെയാണ് ഉദ്യോഗസ്ഥര്‍ തിരിച്ചിലിനൊടുവില്‍ കണ്ടെത്തി താഴെയിറക്കിയത്.
ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് രാധാകൃഷ്ണന്‍ മല കയറിയതെന്നാണ് ലഭിക്കുന്ന വിവരം. രക്ഷപ്പെടുത്തിയതിന് ശേഷം ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാധാകൃഷ്ണന്‍ സ്ഥിരമായി കാട്ടിലൂടെ നടക്കുന്ന ആളാണെന്നും ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്നും അധികൃതര്‍ അറിയിച്ചു. രാധാകൃഷ്ണനെതിരെ കേസെടുക്കില്ലെന്നും വനംവകുപ്പ് വ്യക്തമാക്കി. മൂന്ന് ലൈറ്റുകള്‍ മലമുകളില്‍ കണ്ടിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരാളെ മാത്രം താഴെ എത്തിച്ചതില്‍ നാട്ടുകാരുടെ ഭാഗത്തു നിന്ന് പ്രതിഷേധവുമുണ്ടായി.
കഴിഞ്ഞ ദിവസം കുമ്പാച്ചി മലയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകള്‍ക്ക് ശേഷമാണ് സൈന്യം രക്ഷിച്ച് കൊണ്ട് വന്നത്. ബാബുവിനെ രക്ഷിക്കാന്‍ മുക്കാല്‍ കോടിയോളം ചെലവായി എന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്. ബാബു കുടുങ്ങിപ്പോയ തിങ്കളാഴ്ച തുടങ്ങിയ രക്ഷാ പ്രവര്‍ത്തനം ബുധനാഴ്ചയാണ് അവസാനിച്ചത്.
രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വെള്ളിയാഴ്ച ബാബു വീട്ടിലെത്തിയപ്പോള്‍ സംസ്ഥാനം ചെലവിട്ടത് മുക്കാല്‍ കോടിക്കടുത്ത് തുകയെന്നാണ് പാലക്കാട് ജില്ലാ ഭരണകൂടം നല്‍കുന്ന പ്രാഥമിക കണക്ക്. ബില്ലുകള്‍ ഇനിയും കിട്ടാനുണ്ട് എന്നതിനാല്‍ തുക ഇനിയും കൂടാനാണ് സാധ്യത. ബാബു കുടുങ്ങിയത് മുതല്‍ രക്ഷാ പ്രവര്‍ത്തനത്തിനായി പ്രാദേശിക സംവിധാനങ്ങള്‍ മുതല്‍ കരസേനയുടെ രക്ഷാ ദൗത്യ സംഘത്തെ വരെ എത്തിച്ചു. ദുരന്ത നിവാരണ അഥോറിറ്റി, കോസ്റ്റ് ഗാര്‍ഡ്, കരസേന എന്നിവരുടെ സേവനവും തേടിയിരുന്നു.
അതേസമയം ബാബു ബുദ്ധിമോശം കാണിച്ചതുകൊണ്ട് കൂടുതല്‍ ആളുകള്‍ അത് അവസരമാക്കി എടുക്കുകയാണെന്നും ബാബുവിനെതിരെ കേസെടുക്കാമെന്നും ഉമ്മ റഷീദ മാധ്യമങ്ങളോട് പറഞ്ഞു. ‘എന്റെ മകന്‍ മരിച്ചിരുന്നെങ്കില്‍ ഇവര്‍ ഇങ്ങനെ കയറുമായിരുന്നോ? ഒരാള്‍ പോലും മലയിലേക്ക് കയറി നാട്ടുകാരെ ബുദ്ധിമുട്ടിക്കരുത്. ബാബുവിന് കേസില്‍ ഇളവു നല്‍കിയത് അവസരമായി കാണരുത്’- റഷീദ പറഞ്ഞു.