ഇന്ത്യൻ വംശജൻ ഋഷി സുനക്കിനെ പിന്തള്ളി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയായിരുന്ന ലിസ് ട്രസ് പ്രധാനമന്ത്രിപദത്തിലെത്തി. ബ്രിട്ടീഷ് ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ്. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ സഭാസമിതി അധ്യക്ഷൻ ഗ്രഹാം ബ്രാഡിയാണ് തിരഞ്ഞെടുപ്പ് വിജയിയെ പ്രഖ്യാപിച്ചത്. 2025 വരെയാണ് ലിസ് ട്രസിന്റെ ഭരണകാലാവധി.
മുൻധനമന്ത്രിയായ സുനകിനെതിരെ 57% വോട്ട് നേടിയാണ് ലിസ് പ്രധാനമന്ത്രിയാകുന്നത്. മുൻഗാമികളെ അപേക്ഷിച്ചു കുറഞ്ഞ ഭൂരിപക്ഷമാണു ട്രസിനു ലഭിച്ചത്. സ്കോട്ലൻഡിൽ ബാൽമോറലിലെ വേനൽക്കാല വസതിയിൽ കഴിയുന്ന എലിസബത്ത് രാജ്ഞിയെ സന്ദർശിച്ചശേഷം ഇന്നു സ്ഥാനമേൽക്കും.
1,72,437 പാർട്ടി അംഗങ്ങളിൽ 82.6% വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നു. 81,326 വോട്ടുകൾ ട്രസിനു ലഭിച്ചു. സുനകിന് 60,399 വോട്ടും (43%). യുകെ പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിന്റെ അന്തിമഘട്ടം വരെയെത്തിയ ആദ്യ ഇന്ത്യക്കാരനാണു സുനക്. 15 ലക്ഷത്തോളം വരുന്ന ഇന്ത്യൻ സമൂഹവും എംപിമാരിലെ നല്ലൊരു പങ്കും സുനകിനൊപ്പം നിന്നെങ്കിലും പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിൽ ആണ് സുനക് പിന്നിലായത്.