Wednesday, January 22, 2025

വർദ്ധിക്കുന്ന ഊർജ്ജ പ്രതിസന്ധി: പുതിയ തന്ത്രങ്ങൾ മെനയാൻ യൂറോപ്യൻ യൂണിയൻ

റഷ്യയുടെ വാതക നിയന്ത്രണത്തെ തുടർന്ന് വഷളായിക്കൊണ്ടിരിക്കുന്ന ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അടിയന്തിര നടപടികളിലേക്ക് യൂറോപ്യൻ യൂണിയൻ. അടുത്ത ആഴ്ചയോടെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ നിർണ്ണായക തീരുമാനങ്ങൾ ഉണ്ടാകും എന്ന് യൂറോപ്പിലെ ഊർജ കമ്മീഷണർ വ്യക്തമാക്കി. നോർഡ് സ്ട്രീം 1 വഴിയുള്ള ഊർജ്ജ വിതരണം റഷ്യ നിർത്തി വച്ചത് യൂറോപ്യൻ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തിൽ കൈക്കൊല്ലുന്ന തീരുമാനങ്ങൾ ഏറെ നിർണ്ണായകമായിരിക്കും.

ഊർജ്ജച്ചെലവ് കുതിച്ചുയരുന്നതിനാൽ പല യൂറോപ്യൻ രാജ്യങ്ങളും ഈ പ്രതിസന്ധിയെ നേരിടുവാൻ തയ്യാറെടുപ്പുകൾ തുടങ്ങി. റഷ്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ്ജ കമ്പനി യൂറോപ്പിലേക്ക് പ്രകൃതി വാതകം കൊണ്ടുപോകുന്ന പൈപ്പ് ലൈൻ അടച്ചുപൂട്ടൽ തുടരുകയാണ്. കൂടാതെ ഉക്രൈൻ അധിനിവേശത്തെ തുടർന്ന് തങ്ങളുടെ മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിച്ചാൽ മാത്രമേ ഊർജ്ജ വിതരത്തെ സംബന്ധിച്ച ചർച്ചയ്ക്കു തയ്യാറുള്ളൂ എന്ന നിലപാടിലാണ് റഷ്യ. റഷ്യയുടെ ഈ നിലപാട് ഒരു രാഷ്ട്രീയപ്രേരിത നീക്കമായി കാണുന്നു എന്ന് ജർമ്മനിയും ഉക്രൈൻ യുദ്ധത്തിന്റെ പരിണിതഫലമായി യൂറോപ്യൻ യൂണിയന്റെ വൈദ്യുതി വിപണി നിശ്ചലമായിരിക്കുകയാണ് എന്നും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റും വ്യക്തമാക്കി.

പവർ മാർക്കറ്റ് ചെലവ് കുതിച്ചുയരുന്നതിനുള്ള പരിഹാരങ്ങളുടെ ഒരു ബ്ലോക്ക്-വൈഡ് പാക്കേജ് ചർച്ച ചെയ്യുന്നതിനായി യൂറോപ്യൻ യൂണിയന്റെ ഊർജ മന്ത്രിമാരുടെ അസാധാരണമായ യോഗം വെള്ളിയാഴ്ച ബ്രസൽസിൽ ചേരുമെന്ന് യൂറോപ്യൻ ഊർജ്ജ കമ്മീഷണർ കദ്രി സിംസൺ പറഞ്ഞു. വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഗ്യാസിന്റെ വിലയുടെ താൽക്കാലിക പരിധി, ഊർജ്ജ വിനിമയത്തിലെ ട്രേഡിംഗ് നിയമങ്ങളിൽ മാറ്റം വരുത്തൽ, വേനൽക്കാലത്ത് കാണുന്നതുപോലുള്ള ഏകോപിത ഡിമാൻഡ് കുറയ്ക്കൽ നടപടികൾ എന്നിവ ഇതിൽ ഉൾപ്പെടാം. അടുത്ത ബുധനാഴ്ച പാക്കേജ് അംഗീകരിക്കപ്പെടുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രതീക്ഷിക്കുന്നതായും കദ്രി വെളിപ്പെടുത്തി.

Latest News