Tuesday, January 21, 2025

ആണവനിലയം സുരക്ഷിത മേഖലയാക്കാനുള്ള യുഎൻ ആഹ്വാനത്തെ സ്വാഗതം ചെയ്ത് ഉക്രൈൻ

സപ്പോരീഷ്യ ആണവ നിലയം സുരക്ഷാ സംരക്ഷണ മേഖലയാക്കി മാറ്റുവാൻ ഉള്ള യുഎൻ ആണവ ഏജൻസിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്തു ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിനു നേരെയുള്ള ഷെല്ലാക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു. ഈ മേഖലയിൽ തുടർച്ചയായ ഷെല്ലാക്രമണങ്ങൾ നടക്കുകയും അന്താരാഷ്ട്ര തലത്തിൽ ആശങ്കകൾ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് യുഎൻ ഇടപെടൽ.

അന്താരാഷ്ട്ര തലത്തിൽ ആശങ്കകൾ ഉയർന്നതിനെ തുടർന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ 14 അംഗ സംഘം സപ്പോരീഷ്യ ആണവ നിലയത്തിൽ സന്ദർശനം നടത്തിയിരുന്നു. ഇതേ തുടർന്ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ റഷ്യൻ സൈനിക ഉപകരണങ്ങളുടെ സാന്നിധ്യം സൈറ്റിലെ സുരക്ഷയെ ദുർബലപ്പെടുത്തുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ഏജൻസി അംഗങ്ങൾ സന്ദർശനം നടത്തിയ സമയത്തും തുടർച്ചയായി ഷെല്ലാക്രമണങ്ങൾ നടന്നിരുന്നു. ടീമിലെ ഭൂരിഭാഗവും രണ്ട് ദിവസത്തിന് ശേഷം പ്ലാന്റ് വിട്ടെങ്കിലും രണ്ട് ഉദ്യോഗസ്ഥർ സ്ഥിരമായി അവിടെ തുടരുകയും ചെയ്തു.

ആണവനിലയത്തിന്റെ പ്രദേശം സൈനികവൽക്കരിക്കുക എന്ന ലക്ഷ്യമുണ്ടെങ്കിൽ സുരക്ഷാ മേഖലയെ പിന്തുണയ്ക്കുമെന്ന് സെലെൻസ്‌കി വെളിപ്പെടുത്തി. പ്ലാന്റിന്റെ പ്രദേശത്ത് റഷ്യൻ സൈനിക ഹാർഡ്‌വെയറിന്റെ സാന്നിധ്യം റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെന്നും റഷ്യൻ സൈനിക അധിനിവേശത്തെക്കുറിച്ചുള്ള വ്യക്തമായ പരാമർശങ്ങൾക്കൊപ്പം ജീവനക്കാരുടെ മേലുള്ള സമ്മർദ്ദത്തെയും അതിൽ വ്യക്തമാക്കുന്നതായും സെലെൻസ്‌കി ചൂണ്ടിക്കാട്ടി.

യുദ്ധത്തിന്റെ തുടക്കം മുതൽ സപ്പോരീഷ്യ ആണവ നിലയം റഷ്യയുടെ അധീനതയിലായിരുന്നു. ഇരു വിഭാഗങ്ങളും ഈ മേഖലയിൽ ആക്രമണങ്ങൾ നടത്തുന്നുണ്ട് എങ്കിലും പരസ്പരം പഴിചാരുകയാണ് ചെയ്യുന്നത്. ഷെല്ലാക്രമണങ്ങൾ റേഡിയോ ആക്ടീവ് വസ്തുക്കളുടെ പരിധിയില്ലാത്ത പ്രകാശനത്തിന് കാരണമാകുമെന്നു യുഎൻ ചൂണ്ടിക്കാട്ടി.

Latest News