ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കുന്ന റോക്കറ്റുകൾ പുനരുപയോഗത്തിനായി തിരിച്ചിറക്കുന്ന സാങ്കേതികവിദ്യയിൽ പരീക്ഷണ വിജയവുമായി ഇന്ത്യ. വിഎസ്‍എസ്‌സിയിൽ രൂപകൽപന ചെയ്തു വികസിപ്പിച്ച ഇൻഫ്ലേറ്റബിൾ എയ്റോഡൈനമിക് ഡിസലറേറ്റർ ഉപയോഗിച്ചാണു റോക്കറ്റ് പുനരുപയോഗ സാങ്കേതികവിദ്യ ഇന്ത്യ സ്വായത്തമാക്കിയത്. യുഎസിനും റഷ്യയ്ക്കും ശേഷം ഈ നേട്ടം കൈവരിച്ച മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.
ആർച്ച് 300 രോഹിണി സൗണ്ടിങ് റോക്കറ്റ് ഉപയോഗിച്ചു തുമ്പയിലായിരുന്നു പരീക്ഷണം. 84 കിലോമീറ്റർ ഉയരത്തിലെത്തിയ റോക്കറ്റിനെ കടലിൽ തിരിച്ചിറക്കി. റോക്കറ്റിന്റെ പേലോഡ് ബേയിന് അകത്തു മടക്കിസൂക്ഷിച്ച ഐഎഡി, 84 കിലോമീറ്റർ ഉയരത്തിൽ എത്തിയപ്പോൾ നിശ്ചിത മർദത്തിലുള്ള നൈട്രജൻ വാതകം ഉപയോഗിച്ചു വിടർത്തുകയായിരുന്നു. തുടർന്ന്, പാരഷൂട്ട് മാതൃകയിൽ റോക്കറ്റിനെ അന്തരീക്ഷത്തിലൂടെ താഴേക്ക് എത്തിച്ചു.
റോക്കറ്റിന്റെ പുനരുപയോഗിക്കാവുന്ന ഘടകങ്ങൾ ചെലവു കുറഞ്ഞ രീതിയിൽ വീണ്ടെടുക്കുന്ന സാങ്കേതികവിദ്യയാണ് ഇന്ത്യ സ്വന്തമാക്കിയതെന്നു പരീക്ഷണത്തിനു സാക്ഷ്യം വഹിച്ച ഐ എസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. ചൊവ്വയിലോ ശുക്രനിലോ പേ ലോഡുകൾ ഇറക്കുക, മനുഷ്യരുടെ ബഹിരാകാശ ദൗത്യങ്ങൾക്കു ബഹിരാകാശ ആവാസവ്യവസ്ഥ സൃഷ്ടിക്കുക തുടങ്ങിയ ഉദ്യമങ്ങൾക്കു വലിയ സാധ്യതയാണ് ഐഎഡി തുറന്നിടുന്നത്. ഒരു റോക്കറ്റിനെ പലവട്ടം ഉപയോഗിക്കാൻ കഴിയുന്നതിലൂടെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനവും ഭാരിച്ച നിർമാണച്ചെലവും ഗണ്യമായി കുറയ്ക്കാനാകും.