Thursday, January 23, 2025

നൈജീരിയയിൽ ക്രൈസ്തവർക്കു നേരെ ആക്രമണം: ആറു പേർ കൊല്ലപ്പെട്ടു; ദൈവാലയം കത്തിച്ചു

നൈജീരിയയിലെ ഉമെല്ല ഗ്രാമത്തിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് ഫുലാനി തീവ്രവാദികൾ ആറ് ക്രൈസ്തവരെ കൊലപ്പെടുത്തി. അടുത്ത ദിവസം ഒഗൂൺ സംസ്ഥാനത്ത് രാത്രിയിൽ പ്രാർത്ഥനാശുശ്രൂഷ നടക്കുന്നതിനിടെ ഗോത്രമതത്തിൽ വിശ്വസിക്കുന്നവർ ദൈവാലയ കെട്ടിടം ആക്രമിച്ചതായി പ്രദേശവാസികളും ഉദ്യോഗസ്ഥരും വെളിപ്പെടുത്തി.

ബെന്യൂ സംസ്ഥാനത്തിലെ ഗുമാ കൗണ്ടിയിലെ ഉമെല്ല എന്ന ക്രിസ്ത്യൻ ഗ്രാമത്തിൽ ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് ഫുലാനി തീവ്രവാദികളുടെ ആക്രമണമുണ്ടായത്. ഈ ആക്രമണത്തിൽ ആറ് ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ഗുമ ലോക്കൽ ഗവൺമെന്റ് കൗൺസിൽ ചെയർമാൻ മൈക്ക് ഉബ, ഈ വാർത്ത സ്ഥിരീകരിച്ചു. “മറ്റ് ചിലർക്ക് വെടിയേറ്റു. കുറച്ചു പേർ വെട്ടുകത്തി കൊണ്ട് ആക്രമിക്കപ്പെട്ടു” – ഉബ വെളിപ്പെടുത്തി.

തൊട്ടടുത്ത ദിവസമായ സെപ്റ്റംബർ രണ്ടിന് നൈജീരിയയിലെ ഒഗൂൺ സംസ്ഥാനത്ത്, ഗോത്രമതത്തിൽ വിശ്വസിക്കുന്ന ആളുകൾ, ക്രൈസ്തവർ ആരാധിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തിരുന്ന ദൈവാലയം കത്തിച്ചതായും പ്രദേശവാസികൾ പറഞ്ഞു. അഗ്ബാഡോ ഏരിയയിൽ നടന്ന ഈ ആക്രമണത്തിൽ നിരവധി ക്രൈസ്തവർക്ക് പരിക്കേറ്റു.

പരമ്പരാഗത വിഗ്രഹാരാധകരായ തങ്ങൾ ചില ചടങ്ങുകൾ നടത്തുന്നതിനാൽ ക്രൈസ്തവർക്ക് അവരുടെ പള്ളികളിൽ ആരാധന നടത്താൻ അനുവാദമില്ലെന്നു പറഞ്ഞായിരുന്നു അവരുടെ ആക്രമണം.

Latest News