വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നിർബന്ധമാക്കിക്കൊണ്ടുള്ള വിധിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്തത് ഭേദഗതിക്കും വ്യക്തതയ്ക്കുമുള്ള അപേക്ഷ മാത്രം. പുനഃപരിശോധന ഹർജി ഫയൽ ചെയ്യുമെന്നായിരുന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നത്.
തുറന്ന കോടതിയിൽ വാദം അവതരിപ്പിക്കുന്നതിനാണ് കേന്ദ്ര സർക്കാർ പുനഃപരിശോധന ഹർജിക്ക് പകരം ഭേദഗതിക്കും വ്യക്തതയ്ക്കുമായുള്ള അപേക്ഷ ഫയൽ ചെയ്തതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 2022 ജൂൺ മൂന്നിന് പുറപ്പെടുവിച്ച വിധിയിൽ ഭേദഗതിയും, വ്യക്തതയും തേടിയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വിധിയിലെ 44 എ, 44 ഇ ഖണ്ഡികകളിൽ വ്യക്തതയും, ഭേദഗതിയും വരുത്തുന്നതിനുള്ള അപേക്ഷയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സുപ്രീം കോടതിയിൽ നൽകിയിരിക്കുന്നത്.
2011 ഫെബ്രുവരി ഒമ്പതിലെ മാർഗനിർദ്ദേശപ്രകാരം നിരോധിക്കാത്ത പ്രവർത്തനങ്ങൾ ഈ മേഖലകളിൽ നടക്കുന്നുണ്ടെങ്കിൽ, അതത് സംസ്ഥാനങ്ങളിലെ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരുടെ അനുമതിയോടെ ഇവ തുടരാം. ആറുമാസത്തിനുള്ളിൽ അനുമതി വാങ്ങിയിരിക്കണം. പ്രവർത്തനങ്ങൾ നിരോധനപട്ടികയുടെ പരിധിയിൽ വരുന്നവയല്ലെന്ന് പരിശോധിച്ച് ബോധ്യപ്പെട്ടാൽമാത്രമേ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അനുമതിനൽകൂ. കരുതൽ മേഖലയിൽ പുതുതായി ഒരു നിർമാണപ്രവർത്തനവും അനുവദിക്കില്ല. ഇത് പൂർണ്ണമായും ഭേദഗതി ചെയ്യണം എന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്.