കേരളത്തിലെ തെരുവുനായ പ്രശ്‌നത്തിൽ പരിഹാരമായി ഈ മാസം 28-ന് ഇടക്കാല ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി. പേ പിടിച്ചതും അക്രമകാരികളുമായ പട്ടികളെ എന്ത് ചെയ്യണമെന്നതുസംബന്ധിച്ച് വ്യക്തമായ തീരുമാനം ഈ ഉത്തരവിൽ കേരളം പ്രതീക്ഷിക്കുന്നു. ഇതിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നത്തെക്കുറിച്ച് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയോട് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ഇടക്കാല ഉത്തരവ് എന്തായിരിക്കണമെന്നത് സംബന്ധിച്ച് കേസിലെ കക്ഷികൾക്ക് മൂന്നു പേജിൽ കവിയാതെ എഴുതി നൽകാനും പുതിയ ഹർജിക്കാർക്ക് കക്ഷിചേരാനും അനുമതി നൽകി. മൃഗങ്ങളുടെ ജനന നിയന്ത്രണച്ചട്ടം പാലിച്ചുകൊണ്ടും ജനങ്ങളുടെ പ്രയാസം കണക്കിലെടുത്തുകൊണ്ടുമുള്ള പരിഹാരമാണ് ഉദ്ദേശിക്കുന്നതെന്ന് സുപ്രീംകോടതി പറഞ്ഞു. തെരുവുനായകളെ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് അവയെ പ്രത്യേക കേന്ദ്രത്തിലാക്കുകയോ മറ്റോ ചെയ്യാം. അതിന്റെ ഉത്തരവാദിത്വം അവരേറ്റെടുക്കണം. എന്നാൽ, മൃഗങ്ങളെ പിടിച്ചുകൊണ്ടുപോകുമ്പോഴും മറ്റും വലിയ എതിർപ്പുണ്ടാവാനിടയുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
വാക്‌സിൻ സ്വീകരിച്ച കുട്ടിപോലും മരിച്ചുവെന്നും കേരളത്തിലെ സ്ഥിതി അതിഗുരുതരമാണന്നും ഹർജിക്കാർക്കുവേണ്ടി അഡ്വ. വി.കെ. ബിജു ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് അടിയന്തരമായി ഇടപെടണമെന്ന് കേരളത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ വി. ഗിരിയും സ്റ്റാൻഡിങ് കോൺസെൽ സി.കെ. ശശിയും ആവശ്യപ്പെട്ടു.