മൂന്നു മക്കളുള്ള കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ ഉയർത്തി ജർമ്മനി. ജർമ്മനിയിലെ ട്രാഫിക് ലൈറ്റ് സഖ്യം മൂന്നു കുട്ടികൾ വരെയുള്ള കുടുംബങ്ങളിലെ കുട്ടികളുടെ ആനുകൂല്യങ്ങളിൽ ആണ് വർധനവ് വരുത്തിയത്. ഇതു സംബന്ധിച്ച വിവരങ്ങൾ ജർമ്മനിയിലെ കുടുംബ മന്ത്രി ലിസ പോസ് സ്ഥിരീകരിച്ചു.
ഈ തീരുമാന പ്രകാരം മൂന്നാം കുട്ടിക്കുള്ള കുട്ടികളുടെ ആനുകൂല്യം തുല്യമാക്കും. അതായത് ആദ്യത്തെ രണ്ടു കുട്ടികൾക്കുള്ള ശിശു ആനുകൂല്യത്തിന്റെ അതേ തലത്തിലേക്ക് വർധിപ്പിക്കും. ഇതനുസരിച്ച് ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും കുട്ടിക്ക് പ്രതിമാസം 237 യൂറോ ലഭിയ്ക്കും. കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ഊർജ്ജ ദുരിതാശ്വാസ നടപടികളിൽ, ആദ്യത്തെ രണ്ടു കുട്ടികൾക്കായി പ്രതിമാസം 18 യൂറോ വീതം കുട്ടികളുടെ ആനുകൂല്യങ്ങൾ (കിൻഡർഗെൽഡ്) വർധിപ്പിക്കാനുള്ള പദ്ധതികളാണ് ഉൾപ്പെടുത്തിയത്. നിലവിൽ, ആദ്യത്തെയും രണ്ടാമത്തെയും 219 യൂറോയും മൂന്നാമത്തെ കുട്ടിക്ക് 225യൂറോയും ഇതിൽ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് 250 യൂറോയുമാണ് പ്രതിമാസ പേയ്മെന്റുകൾ ലഭിക്കുന്നത്.
എന്നാൽ, 2023 ജനുവരി ഒന്നു മുതൽ, ആദ്യത്തെ മൂന്നു കുട്ടികളിൽ ഓരോ കുട്ടിക്കും 237 യൂറോയായി വർധിപ്പിക്കും. നാലോ അതിലധികമോ കുട്ടികൾക്ക് നൽകുന്ന തുക അതേപടി അതായത് 250 യൂറോയായി തുടരും.