Sunday, November 24, 2024

ഡോ എസ് രാധാകൃഷ്ണന്‍ എന്ന അതുല്യ പ്രതിഭ

ഡോ. എസ് രാധാകൃഷ്ണന്‍ ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയിലെ സര്‍വ്വേപ്പിള്ളി ഗ്രാമത്തില്‍ 1888 സെപ്റ്റംബര്‍ 5 നാണ് ജനിച്ചത്. പിതാവ് സര്‍വ്വേപ്പള്ളി വീരസ്വാമി, അമ്മ സീതാമ്മാള്‍. കുടുംബം പിന്നീട് തിരുത്തണിയിലേയ്്ക്ക് താമസം മാറി. ദാരിദ്യം കുടുംബത്തെ അലട്ടിയിരുന്നു. വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഉടനീളം ഒരു പ്രഗല്‍ഭനായ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം. കഠിനാധ്വാനവും സ്ഥിരോത്സാഹവും വായനയും വിനയവുമായിരുന്നു അദ്ദേഹം ആര്‍ജിച്ച സിദ്ധികള്‍.

വിശേഷണങ്ങള്‍ അനവധി

ചാച്ചാജിയുടെ ഇഷ്ടതോഴന്‍, സ്‌നേഹനിധിയായ രാഷ്ട്രപതി, സ്വാമി വിവേകാന്ദനേയും ടാഗോറിനേയും അനുഗമിച്ച മുനികുമാരന്‍, 1948 ലും 1954 ലും വിദ്യാഭ്യാസ കമ്മീഷനുകളുടെ തലവന്‍, വിദ്യാര്‍ത്ഥികളുടെ പ്രിയ ഗുരു, ഭാരതരത്നം നേടിയ അതുല്യപ്രതിഭ, ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി,രണ്ടാമത്തെ രാഷ്ട്രപതി അങ്ങനെ അണിയാനും അണിയിക്കാനുമായി ഈ ആചാര്യന് പല വിശേഷണങ്ങളുമുണ്ട്.

ചരിത്ര സംഭവമായ ഒരു യാത്രയയപ്പ്

വിദ്യാര്‍ത്ഥികള്‍ ഉള്ളു തുറന്നു സ്നേഹിച്ച അധ്യാപകനായിരുന്നു ഡോ രാധാകൃഷ്ണന്‍. കേവലം 2 കൊല്ലവും എട്ടുമാസവും മൈസൂര്‍ സര്‍വകലാശാലയില്‍ പ്രൊഫസറായിരുന്ന ശേഷം 1921 ല്‍ അവിടെ അദ്ദേഹത്തിന് നല്‍കിയ യാത്രയയപ്പ് ചരിത്രസംഭവമായിരുന്നു. റെയില്‍വേ സ്റ്റേഷനിലേയ്ക്ക് കുതിരവണ്ടിയിലാണ് അദ്ദേഹം യാത്ര ചെയ്യാനൊരുങ്ങിയത്. എന്നാല്‍ കുതിരകളെ അഴിച്ചുമാറ്റി ശിഷ്യന്മാര്‍ വണ്ടി വലിച്ചു. പ്ലാറ്റ്ഫോമിലുടനീളം പൂക്കള്‍ വിതറി. ട്രെയിനില്‍ പനിനീര്‍ പൂക്കള്‍ കൊണ്ട് നിറച്ചു. ശിഷ്യന്മാരും പൗരപ്രമാണിമാരും ചേര്‍ന്ന് യാത്രയയച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.

എളിമയുടേയും ലാളിത്യത്തിന്റേയും നിറകുടം

ഇന്ത്യന്‍ രാഷ്ട്രപതിയായപ്പോഴും ലാളിത്യവും എളിമയും അദ്ദേഹം കാത്തുസൂക്ഷിച്ചു. രാഷ്ട്രപതി വേതനം 10,000 രൂപയില്‍ നിന്ന് 2000 രൂപയായി കുറച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ആദ്യ പദ്ധതികളിലൊന്ന് നടപ്പിലാക്കിയത്. ആഴ്ചയില്‍ രണ്ടു ദിവസം മുന്‍കൂട്ടി അനുമതി വാങ്ങാതെ ആര്‍ക്കും അദ്ദേഹത്തെ സന്ദര്‍ശിക്കാനും അനുവാദമുണ്ടായിരുന്നു.

അധ്യാപകദിനം

പ്രതിഭാധനനായ അധ്യാപകനായതുകൊണ്ട് എസ് രാധാകൃഷ്ണനെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്ത ഒരു വലിയ ശിഷ്യസമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. ഡോ. എസ് രാധാകൃഷ്ണന്‍ പ്രസിഡന്റായ ആദ്യ വര്‍ഷം ഇവര്‍ ഒത്തുചേര്‍ന്ന് അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബര്‍ അഞ്ച് സമുചിതമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. അക്കാര്യം അവര്‍ അദ്ദേഹത്തെ അറിയിച്ചു. ഡോ. എസ് രാധാകൃഷ്ണന്‍ പ്രതികരിച്ചത് തികച്ചും ഭിന്നമായ രീതിയിലായിരുന്നു. ഒരു വ്യക്തി എന്ന നിലയില്‍ തന്റെ ജന്മദിനം കൊണ്ടാടുന്നതിനേക്കാള്‍ ഉചിതം താന്‍ എന്നും ഇഷ്ടപ്പെട്ട അധ്യാപനത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ സഹായകമായ വിധം പ്രസ്തുത ദിനത്തെ ഇന്ത്യയിലെ മുഴുവന്‍ അധ്യാപകരുടെ ദിനമാക്കി മാറ്റണം എന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്. അങ്ങനെ 1962 മുതല്‍ സെപ്റ്റംബര്‍ അഞ്ച് അധ്യാപക ദിനമായി.

പ്രത്യേകതകള്‍

* ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി

* ഏറ്റവും കൂടുതല്‍ കാലം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്ന വ്യക്തി.

* ഉപരാഷ്ട്രപതിയായിരുന്നതിനുശേഷം രാഷ്ട്രപതി ആയ ആദ്യ വ്യക്തി.

* തത്ത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെടുന്ന വ്യക്തി.

* ഇന്ത്യയില്‍ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി (1962)

* ആന്ധ്രാ- ബനാറസ് സര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സലറായിരിക്കുകയും ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പഠിപ്പിക്കുയും ചെയ്തിരുന്ന രാഷ്ട്രപതി.

* യുണസ്‌കോയില്‍ ഇന്ത്യയുടെ പ്രതിനിധി, സോവിയറ്റുയൂണിയനില്‍ ഇന്ത്യയുടെ അമ്പാസഡര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ആത്മകഥയും അന്ത്യവും

ഏപ്രില്‍ 17, 1975 ല്‍ അദ്ദേഹം അന്തരിച്ചു. നാല്‍പതിലധികം ദാര്‍ശനികകൃതികള്‍ രചിച്ച അദ്ദേഹത്തിന്റെ ആത്മകഥാപരമായ കൃതിയാണ് ‘എന്റെ സത്യാന്വേഷണം’.

Latest News