ചൈനയിലുടനീളമുള്ള പ്രദേശങ്ങളില്‍ കോവിഡ് ലോക്ക്ഡൗണിലായ ആളുകള്‍ ഭക്ഷണത്തിന്റെയും അവശ്യ വസ്തുക്കളുടെയും ക്ഷാമത്തെക്കുറിച്ച് പരാതിപ്പെടുന്നു. കുറഞ്ഞത് 30 പ്രദേശങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭാഗികമോ പൂര്‍ണ്ണമോ ആയ ലോക്ക്ഡൗണുകള്‍ക്ക് കീഴില്‍ വീട്ടില്‍ തന്നെ തുടരേണ്ട അവസ്ഥയാണുള്ളത്.
‘കഴിഞ്ഞ 15 ദിവസമായി, ഞങ്ങളുടെ മാവും അരിയും മുട്ടയും തീര്‍ന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ കുട്ടികള്‍ക്കുള്ള പാല് തീര്‍ന്നു’. പടിഞ്ഞാറന്‍ സിന്‍ജിയാംഗിലെ ഒരു താമസക്കാരന് പറഞ്ഞു.
ഒക്ടോബറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോണ്‍ഗ്രസിന് മുന്നോടിയായി പ്രാദേശിക കോവിഡ് വ്യാപനം തടയാനാണ് ഈ ലോക്ഡൗണിലൂടെ അധികാരികള്‍ ശ്രമിക്കുന്നത്.
ചൈനയുടെ സീറോ-കോവിഡ് നയത്തിന് കര്‍ശനമായ ലോക്ക്ഡൗണുകള്‍ ആവശ്യമാണ്. ചുരുക്കം ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ പോലും അവര്‍ ലോക്ഡൗണ്‍ നടപ്പാക്കുന്നു. തിങ്കളാഴ്ച രാജ്യത്തുടനീളം 949 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. ഈ നയത്തിനെതിരെ പൗരന്മാരില് നിന്ന് കടുത്ത വിയോജിപ്പാണുള്ളത്. കൂടാതെ സാമ്പത്തിക വളര്‍ച്ചയെ സ്തംഭിപ്പിക്കുന്നതായും ആരോപിക്കപ്പെടുന്നു.
ആഴ്ചകള്‍ നീണ്ട ലോക്ക്ഡൗണിനെത്തുടര്‍ന്ന് നിരാശരായ നിവാസികള്‍ സോഷ്യല്‍ മീഡിയയില്‍ സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്നുണ്ട്. തന്റെ മൂന്ന് കുട്ടികള്‍ മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പറഞ്ഞ് വികാരാധീനനായ ഒരു ഉയ്ഗൂര്‍ സ്വദേശിയുടെ വീഡിയോ വൈറലാണ്.
‘എനിക്ക് സാധനങ്ങള്‍ വാങ്ങാനുള്ള പണമില്ല. എന്റെ ഭാര്യ ഗര്‍ഭിണിയാണ്, ഞങ്ങള്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഞങ്ങള്‍ക്ക് ഗ്യാസ് തീര്‍ന്നിരിക്കുന്നു. എന്റെ ഭാര്യക്ക് വൈദ്യപരിശോധന ആവശ്യമാണ്’. പ്രദേശത്തെ മറ്റൊരു താമസക്കാരന് പറഞ്ഞു.
തെക്ക്-പടിഞ്ഞാറന്‍ ഗ്വിഷോ പ്രവിശ്യയില്‍, പ്രവിശ്യാ തലസ്ഥാനമായ ഗുയാങ്ങിന്റെ ഒരു പ്രദേശം അധികൃതര്‍ മുന്നറിയിപ്പില്ലാതെ പൂട്ടി. യാതൊരു സൗകര്യങ്ങളുമില്ലാതെ 500,000 നിവാസികള്‍ വീട്ടില്‍ കുടുങ്ങി. ആളുകള്‍ പുറത്ത് പോകുന്നത് തടയാന്‍ കെട്ടിടങ്ങളിലെ ലിഫ്റ്റുകളുടെ സ്വിച്ച് ഓഫ് ചെയ്തതായി ഗാര്ഡിയന് പത്രം റിപ്പോര്‍ട്ട് ചെയ്തു.
‘ഞങ്ങള്‍ക്ക് സാധനങ്ങള്‍ ഓണ്‍ലൈനായി വാങ്ങാന്‍ കഴിയില്ല. സര്‍ക്കാര്‍ ഞങ്ങളെ മൃഗങ്ങളെപ്പോലെയാണോ പരിഗണിക്കുന്നത്, അതോ ഞങ്ങള്‍ മരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ടോ?’ വെയ്ബോ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമിലെ ഒരു ഉപയോക്താവ് ചോദിച്ചു. നഗരത്തില്‍ പ്രവേശിക്കുന്നതിനോ പുറത്തുപോകുന്നതിനോ അതിലെ 21 ദശലക്ഷം ആളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.