Sunday, November 24, 2024

നിതി ആയോഗ് സംസ്ഥാനങ്ങളിലും നടപ്പാക്കും

ആസൂത്രണ ബോര്‍ഡിന് പകരം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിതി ആയോഗ് സംസ്ഥാനങ്ങളിലും നടപ്പാക്കും. സംസ്ഥാനങ്ങളിലെ ആസൂത്രണ ബോര്‍ഡുകള്‍ക്ക് പകരം നിതി ആയോഗ് നിലവില്‍ വരും. വേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയും ആസൂത്രണവും ലക്ഷ്യമിട്ടാണ് മാറ്റം. ആദ്യഘട്ടത്തില്‍ പത്തോളം സംസ്ഥാനങ്ങളില്‍ നടപ്പാക്കും. 2023 മാര്‍ച്ചോടെ എല്ലാ സംസ്ഥാനങ്ങളിലും നിതി ആയോഗ് നിലവില്‍ വരും.

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ ലൈനിന് വേണ്ടി നീതി ആയോഗ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചു. കെ റെയില്‍ വികസന കോര്‍പറേഷന്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ ഉടനടി അംഗീകാരം നല്‍കണമെന്ന് കേരള മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അവശ്യ സാധനങ്ങളെ അടക്കം ജി എസ് ടി പരിധിയില്‍ കൊണ്ടുവന്ന തീരുമാനം പുനപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ റെയിലിന് പച്ചക്കൊടിയില്ലെന്ന് കേന്ദ്രം ആവര്‍ത്തിച്ച് വ്യക്തമാക്കിയതിന് പിന്നാലെയാണ് പരിഹാരമുണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ അപകടങ്ങള്‍ കുറക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി പദ്ധതിക്ക് അംഗീകാരം നല്‍കണമെന്നാണ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ പിണറായി ആവശ്യപ്പെട്ടത്.

സംസ്ഥാനങ്ങള്‍ക്കുള്ള ജി എസ് ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടണമെന്നും കേരളം യോഗത്തില്‍ ആവശ്യപ്പെട്ടു. ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രം ഇടപെട്ട് നിയമ പരിഹാരമുണ്ടാക്കണമെന്നതായിരുന്നു യോഗത്തില്‍ കേരളത്തിന്റെ മറ്റൊരു ആവശ്യം. കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തിനുള്ള വായ്പ പരിധി കൂട്ടണമെന്നും ദേശീയ പാതാ വികസനം സമയ ബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

 

Latest News