അയല്‍രാജ്യങ്ങളായ അര്‍മേനിയയും അസര്‍ബൈജാനും തമ്മില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ ഒട്ടനവധി പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. അര്‍മേനിയയുടെ ഭാഗത്ത് 49 പേരാണു കൊല്ലപ്പെട്ടതെന്നു പ്രധാനമന്ത്രി നിക്കോള്‍ പഷ്‌നിയാന്‍ സ്ഥിരീകരിച്ചു. അസര്‍ബൈജാന്‍ കണക്കു പുറത്തുവിട്ടിട്ടില്ല.
സംഘര്‍ഷത്തില്‍ ഇരു രാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തി. അതിര്‍ത്തിപട്ടണങ്ങളില്‍ അസര്‍ബൈജാന്‍ പട്ടാളം ഷെല്ലിംഗ് നടത്തിയതാണ് തുടക്കമെന്ന് അര്‍മേനിയ പറഞ്ഞു. തങ്ങളുടെ മിലിട്ടറി പോസ്റ്റുകളാണ് ആദ്യം ആക്രമിക്കപ്പെട്ടതെന്ന് അസര്‍ബൈജാനും അവകാശപ്പെട്ടു.
അര്‍മേനിയയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന റഷ്യ ദ്രുതഗതിയില്‍ ഇടപെട്ട് ഇന്നലെ രാവിലെ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാക്കിയെന്നാണ് അറിയിച്ചത്. ആക്രമണതീവ്രത കുറഞ്ഞെങ്കിലും ഏറ്റുമുട്ടല്‍ തുടരുന്നതായാണ് നിക്കോള്‍ പഷ്‌നിയാന്‍ പറഞ്ഞത്.
ക്രിസ്ത്യന്‍ ഭൂരിപക്ഷ അര്‍മേനിയയും മുസ്ലിം ഭൂരിപക്ഷ അസര്‍ബൈജാനും തമ്മില്‍ പതിറ്റാണ്ടുകളായി സംഘര്‍ഷത്തിലാണ്. എണ്‍പതുകളിലും തൊണ്ണൂറുകളിലുമായി രണ്ടുവട്ടം യുദ്ധമുണ്ടായി. 2020ല്‍ ആറാഴ്ച നീണ്ട ഏറ്റുമുട്ടലുണ്ടായി. അര്‍മേനിയന്‍ വംശജര്‍ക്കു ഭൂരിപക്ഷമുണ്ടെങ്കിലും അന്താരാഷ്ട്രസമൂഹം അസര്‍ബൈജാന്റെ ഭാഗമായി അംഗീകരിക്കുന്ന നാഗോര്‍ണോ-കരാബാക്ക് പ്രദേശത്തിന്മേലുള്ള അവകാശവാദമാണു സംഘര്‍ഷത്തിന്റെ കാതല്‍.