അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ സംസ്‌കാരചടങ്ങിന് എത്തുക 500 ലോകനേതാക്കള്‍. തിങ്കളാഴ്ച ലണ്ടന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുന്ന ഔദ്യോഗിക സംസ്‌കാരചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഭാര്യ ജില്‍, കോമണ്‍വെല്‍ത്ത് രാജ്യനേതാക്കള്‍, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ക്യാനഡ, ഫ്രാന്‍സ്, ഇറ്റലി, തുര്‍ക്കിയ, ജര്‍മനി, ബ്രസീല്‍ എന്നീ രാഷ്ട്രങ്ങളില്‍നിന്നുള്ള നേതാക്കള്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള രാജവംശ പ്രതിനിധികളും പങ്കെടുക്കും.
റഷ്യ, മ്യാന്മര്‍, ബലാറസ് എന്നീ രാഷ്ട്രങ്ങളുടെ നേതാക്കള്‍ക്ക് ചടങ്ങിലേക്ക് ക്ഷണമില്ല. അതേസമയം, എഡിന്‍ബറയിലെ സെന്റ് ഗൈല്‍സ് കത്തീഡ്രലില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെ മൃതദേഹം ലണ്ടനിലേക്ക് കൊണ്ടുപോയി. അയര്‍ലന്‍ഡ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ചാള്‍സ് മൂന്നാമനും ഭാര്യ കമിലയും ലണ്ടന്‍ വിമാനത്താവളത്തിലെത്തി മൃതദേഹം സ്വീകരിക്കും. രാജ്ഞിയുടെ വില്‍പത്രം 90 വര്‍ഷത്തേക്ക് രഹസ്യകേന്ദ്രത്തിലെ ലോക്കറില്‍ സൂക്ഷിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.