Monday, November 25, 2024

യുക്രെയ്ന്‍ യുദ്ധം: മോചിപ്പിക്കപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് റഷ്യന്‍ പീഡനത്തിന്റെ കഥകള്‍ പുറത്തുവരുന്നു

വടക്ക്-കിഴക്കന്‍ യുക്രെയ്‌നില്‍, പ്രത്യാക്രമണത്തിലൂടെ സൈന്യം റഷ്യന്‍ സൈനികരെ തുരത്തി പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുകയാണ്. എന്നാല്‍ പുതുതായി വിമോചിതമായ പ്രദേശങ്ങളില്‍, ആശ്വാസവും ദുഃഖവും ഒരുപോലെ നിലനില്‍ക്കുകയാണ്. കാരണം അവിടങ്ങളില്‍ റഷ്യന്‍ അധിനിവേശ സമയത്തെ പീഡനങ്ങളുടെയും കൊലപാതകങ്ങളുടെയും വിവരണങ്ങള്‍ ഒന്നൊന്നായി ഉയര്‍ന്നുവരുന്നു.

താന്‍ 40 ദിവസത്തിലധികം റഷ്യക്കാരുടെ തടവിലായിരുന്നുവെന്നും വൈദ്യുതാഘാതത്തിലൂടെ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നും ഖാര്‍കിവ് മേഖലയിലെ ബാലക്ലിയ നഗരത്തില്‍ താമസിക്കുന്ന ആര്‍ടെം പറയുന്നു. ആറ് മാസത്തിലേറെ നീണ്ട പീഡനത്തിനുശേഷം സെപ്റ്റംബര്‍ 8 ന് ബാലക്ലിയ മോചിപ്പിക്കപ്പെട്ടു. റഷ്യന്‍ സൈന്യം തങ്ങളുടെ ആസ്ഥാനമായി ഉപയോഗിച്ചിരുന്ന നഗരത്തിലെ പോലീസ് സ്റ്റേഷനായിരുന്നു ക്രൂരതയുടെ കേന്ദ്രമെന്നും അദ്ദേഹം വെളിപ്പെടുത്തി. മറ്റ് സെല്ലുകളില്‍ നിന്നും വേദനയുടെയും ഭീകരതയുടെയും നിലവിളി ദിവസവും കേള്‍ക്കാറുണ്ടായിരുന്നുവെന്നും ആര്‍ടെം പറഞ്ഞു.

‘വൈദ്യുതാഘാതം ഏല്‍പ്പിച്ചശേഷം അവര്‍ ചോദ്യങ്ങള്‍ ചോദിക്കും. എന്തുപറഞ്ഞാലും ഞാന്‍ കള്ളം പറയുകയാണെന്ന് അവര്‍ പറയും’. ആര്‍ടെം കൂട്ടിച്ചേര്‍ത്തു. സൈനികനായ തന്റെ സഹോദരന്റെ യൂണിഫോമിലുള്ള ചിത്രം റഷ്യക്കാര്‍ കണ്ടെത്തിയതിനാലാണ് തന്നെ തടങ്കലിലാക്കിയതെന്ന് ആര്‍ടെം പറഞ്ഞു. യുക്രേനിയന്‍ പതാക കൈവശം വച്ചതിന് ബലക്ലിയയില്‍ നിന്നുള്ള മറ്റൊരാളെ 25 ദിവസത്തേക്ക് തടവിലാക്കിയതായും ആര്‍ടെം പറഞ്ഞു.

എന്നാല്‍ റഷ്യക്കാരെ പുറത്താക്കിയതിന് ശേഷം ആദ്യമായി പലരും പരസ്പരം കണ്ടുമുട്ടുന്ന സന്തോഷകരമായ കാഴ്ചകളും യുക്രൈന്‍ നഗരങ്ങളിലുണ്ട്. പരസ്പരം ആലിംഗനം ചെയ്ത് അവര്‍ സന്തോഷം പങ്കുവയ്ക്കുകയാണ്. ഒപ്പം ദുരിതകാലത്തെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു.

 

Latest News