റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനു നേരേ വധശ്രമമുണ്ടായതായി റിപ്പോര്‍ട്ട്. ജനറല്‍ ജിവിആര്‍ ടെലഗ്രാം ചാനലിനെ ഉദ്ധരിച്ച് യൂറോ വീക്ലി ന്യൂസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ എപ്പോഴാണു വധശ്രമമുണ്ടായതെന്നു വാര്‍ത്തയില്‍ വ്യക്തമല്ല.
ഈ വര്‍ഷം ഫെബ്രുവരിയില്‍ റഷ്യ യുക്രെയ്‌നില്‍ അധിനിവേശം നടത്തിയശേഷം പുടിന്റെ ആരോഗ്യം ക്ഷയിച്ചെന്നും സുരക്ഷാഭീഷണി നേരിടുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണു വധശ്രമം സംബന്ധിച്ച വാര്‍ത്ത പുറത്തുവരുന്നത്. അഞ്ചുവട്ടം താന്‍ വധശ്രമത്തെ അതിജീവിച്ചിട്ടുണ്ടെന്ന് 2017ല്‍ പുടിന്‍ വെളിപ്പെടുത്തിയിരുന്നു.
ടെലഗ്രാം ചാനലിലെ റിപ്പോര്‍ട്ട് പ്രകാരം പുടിന്റെ വാഹനത്തെയാണ് അക്രമികള്‍ ലക്ഷ്യമിട്ടത്. അദ്ദേഹം സഞ്ചരിച്ചിരുന്ന ലിമോസിന്‍ കാറിന്റെ മുന്‍വശത്തെ ചക്രത്തില്‍ വലിയ ശബ്ദത്തോടെ ഒരു വസ്തു വന്നിടിച്ചെന്നാണു റിപ്പോര്‍ട്ട് പറയുന്നത്.
വാഹനത്തിന്റെ മുന്‍ഭാഗത്തുനിന്നു പുക ഉയര്‍ന്നെങ്കിലും കാര്‍ ഉടന്‍തന്നെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. അപകടത്തില്‍ പുടിനു പരിക്കില്ല. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട് പറയുന്നുണ്ടെങ്കിലും ഇവരുടെ പേരുവിരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.