യുക്രെയ്ന്-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് യൂറോപ്യന്‍ യൂണിയന് മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍. പുടിന് ഈ യുദ്ധത്തില്‍ തോല്‍ക്കുകയും അദ്ദേഹത്തിന്റെ പ്രവൃത്തികളുടെ ഫലമായി അന്താരാഷ്ട്ര ക്രിമിനില്‍ കോടതിയെ അഭിമുഖീകരിക്കുകയും വേണം. അതു വളരെ പ്രധാനമാണെന്നുമാണ് ഒരു ജര്‍മ്മന്‍ വാര്‍ത്താ ചാനലിനോട് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പ്രതികരിച്ചിരിക്കുന്നത്.
യുക്രെയ്നെതിരെ കടന്നു കയറ്റങ്ങള്‍ നടന്നിട്ടുണ്ടെന്നതില്‍ സംശയമില്ല. അതിനാല്‍, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ പുടിനെ എത്തിക്കാന്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ക്കും തെളിവ് ശേഖരണത്തിനും യുക്രെയ്ന് തങ്ങള്‍ പിന്തുണ നല്‍കുന്നുവെന്ന് യൂറോപ്യന്‍ യൂണിയന് മേധാവി പറഞ്ഞു. അന്താരാഷ്ട്ര നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യങ്ങള്‍ നടത്തിയതിന് ശിക്ഷ ലഭിക്കേണ്ടതുണ്ട്. യുക്രെയ്ന്-റഷ്യ യുദ്ധത്തില്‍ ആത്യന്തികമായി പുടിനാണ് ഉത്തരവാദിയെന്നും ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പ്രതികരിച്ചു.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ ഒരു ദിവസമെങ്കിലും കോടതിയില്‍ ഹാജരാക്കുമോ എന്ന മാദ്ധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന്, അത് ഉറപ്പായും സാധ്യമാകും എന്നാണ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ അവകാശപ്പെട്ടത്. യൂറോപ്യന്‍ യൂണിയനുമായുള്ള അടുത്ത യോഗത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി യുക്രെയ്നില്‍ എത്തിയതായിരുന്നു അദ്ദേഹം. യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തിന് എല്ലാം കാലവും യൂറോപ്പിന്റെ പിന്തുണയുണ്ടാകുമെന്നും വോണ്‍ ഡെര്‍ ലെയ്ന്‍ ഉറപ്പ് നല്കി.