Monday, November 25, 2024

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണമില്ലാതെ ആറ് രാജ്യങ്ങള്‍

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണമില്ലാതെ ആറ് രാജ്യങ്ങളാണുള്ളത്. ഈ പട്ടികയില്‍ ഇനിയും ഏതെങ്കിലും രാജ്യങ്ങള്‍കൂടി ഇടംപിടിക്കുമോ എന്ന കാര്യം ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടില്ല. സെപ്തംബര്‍ 9ന് അന്തരിച്ച രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ 19-ാം തീയതി തിങ്കളാഴ്ചയാണ് ആരംഭിക്കുക.

ബ്രിട്ടീഷ് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ ഔദ്യോഗിക ക്ഷണം ലഭിക്കാത്തത് ഇതുവരെ ആറ് രാജ്യങ്ങള്‍ക്കാണ്. റഷ്യയാണ് ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലുള്ള ആദ്യ രാജ്യം. ബെലാറസ്, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, സിറിയ, വെനസ്വേല എന്നീ രാജ്യങ്ങള്‍ക്കും ക്ഷണമില്ല.

ചാള്‍സ് മൂന്നാമനെ അഭിനന്ദിച്ചുകൊണ്ട് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ കഴിഞ്ഞ ദിവസം സന്ദേശം അയച്ചിരുന്നു. എന്നാല്‍ റഷ്യയ്ക്ക് തിരികെ സന്ദേശം അയയ്ക്കാതിരുന്ന ബ്രിട്ടന്‍ അന്താരാഷ്ട്ര ഉപരോധം നേരിടുന്ന റഷ്യയോടുള്ള സമീപനമാണ് വ്യക്തമാക്കിയത്.

ഉത്തര കൊറിയ, ഇറാന്‍, നിക്കരാഗ്വേ എന്നീ രാജ്യങ്ങള്‍ക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചതായാണ് വിവരം. എന്നാല്‍ ഈ രാജ്യങ്ങളെല്ലാം അവരുടെ നയതന്ത്ര പ്രതിനിധികളെ മാത്രമാണ് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിനായി അയയ്ക്കുന്നത്. ക്ഷണം ലഭിച്ച പ്രശസ്തരായ മുന്‍ ഭരണാധികാരികളുടെ പട്ടികയില്‍ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടംപിടിച്ചു. ആകെ ഏഴര ലക്ഷം പേരാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുക എന്നാണ് സൂചന.

 

 

Latest News