Monday, November 25, 2024

ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ അവശേഷിപ്പിച്ച ചില നല്ല പാഠങ്ങള്‍

സി. അഡ്വ. ജോസിയ SD

ഒരേ സമയം നഷ്ടങ്ങളുടെയും നേട്ടങ്ങളുടെയും തീരുമാനമെടുത്ത്, 41-കാരനായ റോജര്‍ ഫെഡറര്‍ എന്ന ടെന്നീസ് ഇതിഹാസം തന്റെ 24 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിക്കുകയാണ്. കൂടുതല്‍ ആവേശത്തോടെ ടെന്നീസിനെ സ്‌നേഹിച്ചുകൊണ്ടു തന്നെ.

അദ്ദേഹം എഴുതിയ ഹൃദയസ്പര്‍ശിയായ ഒരു കത്ത് വായിച്ചു. അതില്‍, ‘THIS IS A BITTERSWEET DECISION. BECAUSE I WILL MISS EVERYTHING THE TOUR HAS GIVEN ME. BUT AT THE SAME TIME THERE IS SO MUCH TO CELEBRATE’ എന്ന വാചകമാണ് ഈ കുറിപ്പ് എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.

ജീവിതം ഒരേ സമയം നഷ്ടങ്ങളുടെയും നേട്ടങ്ങളുടേതുമാണെന്ന് തിരിച്ചറിഞ്ഞാല്‍ നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ചിലര്‍ക്ക് അത് നഷ്ടങ്ങളുടേതു മാത്രമാകുമ്പോള്‍ നിരാശക്കും ആത്മഹത്യക്കും വഴിതുറക്കും. മറ്റുചിലര്‍ക്ക് അത് നേട്ടങ്ങളുടേതു മാത്രമാണെന്ന ചിന്ത ഉണ്ടാകുമ്പോള്‍ അഹങ്കാരവും ദാര്‍ഷ്ട്യവും ഒറ്റിക്കൊടുക്കലുകളും വെട്ടിപ്പിടുത്തങ്ങളും പതിവാകും.

‘കൊണ്ടും കൊടുത്തും ജീവിതം ആസ്വദിക്കുക’ (പ്രഭാ 14:16) എന്ന വചനം റോജറിന്റെ ജീവിതത്തില്‍ സംഭവിച്ചതിന്റെ പരിണിതഫലമാണ് ഇങ്ങനെ സംതൃപ്തിയുടെ, നന്ദിയുടെ, ആത്മനിര്‍വൃതിയുടെ ഒക്കെ ഭാവമായി ഒരു തുറന്ന കത്ത് എഴുതാന്‍ അയാള്‍ക്ക് കഴിഞ്ഞത്. 1500-ഓളം മാച്ചുകള്‍ കളിച്ച് സ്വന്തം പേരില്‍ കുറേയധികം റെക്കോര്‍ഡുകളും സ്ഥാപിച്ച് സന്തോഷത്തോടെ പടിയിറങ്ങുമ്പോള്‍ ഈ മനുഷ്യന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്ന ചില ജീവിതയഥാര്‍ത്ഥ്യങ്ങളുണ്ട്.

ചിലത് നേടാന്‍ ചിലത് നഷ്ടപ്പെടുത്തണം. ചില കാര്യങ്ങളില്‍ നിന്ന് സമയമാകുമ്പോള്‍ പിന്മാറണം. നമ്മുടെ പരിമിതികള്‍ ധൈര്യപൂര്‍വ്വം അംഗീകരിക്കണം. ചെയ്യുന്ന ജോലിയില്‍ സമര്‍പ്പണം, ആത്മാര്‍ഥത ഇവ ഉണ്ടായാല്‍ വിരമിക്കുമ്പോള്‍ ആത്മാഭിമാനവും സന്തോഷവും ഉണ്ടാകും. നഷ്ടങ്ങളുടെ കയ്പ്പിനേക്കാള്‍ നേട്ടങ്ങളുടെ മധുരത്തെ നോക്കി ഊര്‍ജ്ജസ്വലരാകണം. അപ്പോള്‍ 24 വര്‍ഷങ്ങള്‍ 24 മണിക്കൂര്‍ പോലെ കടന്നുപോയി എന്ന് റോജര്‍ പറഞ്ഞതുപോലെ നമ്മുടെ ജീവിതവും അത്രമേല്‍ ആസ്വദിക്കാന്‍ പറ്റും.

ഏവര്‍ക്കും ദൈവാനുഗ്രഹം നേര്‍ന്നുകൊണ്ട്,

സി. അഡ്വ. ജോസിയ SD

 

Latest News