റഷ്യന്‍ പട്ടാളക്കാര്‍ പിന്മാറിയ ഇസിയം പട്ടണത്തോട് ചേര്‍ന്ന് പൈന്‍ വനത്തില്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതായി യുക്രൈന്‍ അറിയിച്ചു. പ്രാഥമികമായി നടത്തിയ ഖനനത്തില്‍ നാനൂറോളം പേരെ അടക്കിയിരിക്കുന്നതായാണ് കണ്ടെത്തിയത്.
നീല പ്ലാസ്റ്റിക് കവചങ്ങള്‍ ധരിച്ചെത്തിയ 100 യുക്രേനിയന്‍ എമര്‍ജന്‍സി സര്‍വീസ് ജീവനക്കാര്‍ ചേര്‍ന്ന് താല്‍ക്കാലിക ശവക്കുഴികള്‍ തുറന്നു. പോലീസും പ്രോസിക്യൂട്ടര്‍മാരും സ്ഥലത്തെത്തിയിരുന്നു. കുഴിമാടങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധനയും ആരംഭിച്ചു.
യുക്രേനിയന്‍ സേനയുടെ മുന്നേറ്റത്തിലൂടെ അടുത്തിടെ മോചിപ്പിക്കപ്പെട്ട നഗരമാണ് ഇസിയം. അതിന്റെ അരികിലുള്ള പൈന്‍ വനത്തിലാണ് ഈ ദാരുണമായ കാഴ്ച കണ്ടെത്തിയത്. മരക്കുരിശുകള്‍ നാട്ടിയ നിലയിലാണ് കുഴിമാടങ്ങള്‍. കുരിശില്‍ നമ്പറുകളും നല്‍കിയിരുന്നു. ചുരുക്കം ചിലതില്‍ പേരുകളുണ്ട്.
സ്ഥലത്ത് 445 പുതിയ ശവക്കുഴികള്‍ ഉണ്ടെന്ന് യുക്രേനിയന്‍ പോലീസ് പറയുന്നു. എന്നാല്‍ ചിലതില്‍ ഒന്നിലധികം മൃതദേഹങ്ങള്‍ ഉണ്ട്. ഇവരെല്ലാം എങ്ങനെയാണ് മരിച്ചത് എന്ന് വ്യക്തമല്ല. അവരില്‍ പലരും സാധാരണക്കാരും സ്ത്രീകളും കുട്ടികളുമാണെന്ന് പറയപ്പെടുന്നു. സൈനികയൂണിഫോം ധരിച്ച മൃതദേഹങ്ങളുമുണ്ട്.
ഏപ്രിലിലാണ് ഇസിയം ആദ്യം ആക്രമിക്കപ്പെട്ടത്. കിഴക്ക് നിന്ന് സൈന്യത്തെ എത്തിക്കുന്നതിനുള്ള ഒരു പ്രധാന സൈനിക കേന്ദ്രമായി റഷ്യ ഈ നഗരത്തെ ഉപയോഗിച്ചു.
ഇവിടെ യുദ്ധക്കുറ്റങ്ങള്‍ നടന്നിട്ടുണ്ടെന്നതില്‍ സംശയമില്ലെന്ന് ഖാര്‍കിവ് റീജിയണല്‍ പ്രോസിക്യൂട്ടര്‍ ഒലക്സാണ്ടര്‍ ഇലിയന്‍കോവ് പറഞ്ഞു. ആദ്യത്തെ ശവക്കുഴിയില്‍ നിന്ന് കണ്ടെത്തിയ സ്ത്രീയുടെ കഴുത്തില്‍ ഒരു കയറുണ്ടായിരുന്നു. പീഡനത്തിന്റെ അടയാളങ്ങളാണതെന്ന് അദ്ദേഹം പറഞ്ഞു. റഷ്യന്‍ സൈനികരാണ് ഇവര്‍ എല്ലാവരുടേയും മരണത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രേനിയന്‍ സൈന്യം അടുത്തിടെ തിരിച്ചുപിടിച്ച പല പ്രദേശങ്ങളിലും പീഡനത്തിന്റെ തെളിവുകള്‍ കണ്ടെത്തിയതായി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് പറഞ്ഞു. അടുത്തിടെ തിരിച്ചുപിടിച്ച പ്രദേശങ്ങളില്‍ സമാനമായ നിരവധി ശ്മശാനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഖാര്‍കിവ് പ്രോസിക്യൂട്ടര്‍ മിസ്റ്റര്‍ ഇലെങ്കോവ് പറഞ്ഞു.