എലിസബത്ത് രാജ്ഞിയുടെ സംസ്കാരം നടത്തുന്ന തിങ്കളാഴ്ച ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് നടത്തുന്ന 100 വിമാനങ്ങള്‍ ബ്രിട്ടീഷ് എയര്‍വേയ്സ് റദ്ദാക്കി. കൂടാതെ മറ്റ് വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തുകയും ചെയ്തു. സര്‍വീസുകള്‍ ബാധിക്കപ്പെട്ട വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരികെ ലഭിക്കാനോ മറ്റ് വിമാനസര്‍വീസ് ലഭ്യമാക്കാനോ അവസരം ലഭിക്കും.
അന്തരിച്ച രാജ്ഞിയോടുള്ള ആദരസൂചകമായാണ് ഈ നടപടി. ഔദ്യോഗിക ബഹുമതിളോടെയുള്ള സംസ്കാരചടങ്ങിന്റെ സമയത്ത് വിമാനസര്‍വീസുകളില്‍ നിന്നുണ്ടാകാനിടയുള്ള ശബ്ദം പരമാവധി കുറയ്ക്കുകയാണ് നടപടിയുടെ ലക്ഷ്യം. രണ്ട് മിനിറ്റ് സമയത്തെ മൗനാചരണം ഉള്‍പ്പെടെയുള്ള മരണാനന്തരചടങ്ങുകളെ വിമാനങ്ങളുടെ ശബ്ദം ബാധിക്കാതിരിക്കാനാണ് ഈ ക്രമീകരണം.
ഹീത്രോ വിമാനത്താവളത്തില്‍ നിന്നുള്ള 15 ശതമാനം വിമാനസര്‍വീസുകളെ സമയക്രമീകരണം ബാധിക്കും. രാവിലെ 11.40 മുതല്‍ 12.10 വരെയുള്ള അരമണിക്കൂര്‍ സമയം ഒരു വിമാനവും സര്‍വീസ് നടത്തില്ല. ഉച്ചയ്ക്ക് 1.45 മുതല്‍ 35 മിനിറ്റ് ഒരു വിമാനവും ഹീത്രോവിലിറങ്ങില്ല. രാത്രി ഒമ്പത് മണിവരെ സര്‍വീസുകളില്‍ നിയന്ത്രണം ഉണ്ടായിരിക്കും.