ജോണ്സണ് ആന്റ് ജോണ്‍സണ്‍സ് ബേബി പൗഡറിന്റെ നിര്‍മാണ ലൈസന്‍സ് റദ്ദാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തിയാണ് സര്‍ക്കാരിന്റെ നടപടി. പൗഡര്‍ നവജാത ശിശുക്കളുടെ ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മഹാരാഷ്ട്രയിലെ ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയത്. കൊല്‍ക്കത്ത ആസ്ഥാനമാക്കിയുളള സെന്‍ഡ്രല്‍ ഡ്രഗ്സ് ലബോറട്ടറിയുടേതാണ് റിപ്പോര്‍ട്ട്. ലബോറട്ടറി പരിശോധനയില്‍ പൗഡറിന്റെ സാമ്പിളുകള്‍ സ്റ്റാന്‍ഡേര്‍ഡ് പിഎച്ച് മൂല്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഡ്രഗ്സ് കോസ്മെറ്റിക്സ് ആക്ട് 1940 ആന്റ് റൂള്‍സ് പ്രകാരം പ്രസ്തുത ഉല്‍പ്പന്നം വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ കമ്പനിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കാണിച്ച് എഫ്ഡിഎ കമ്പനിക്ക് നോട്ടീസ് നല്കി.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ‘പിഎച്ച് പരിശോധനയുമായി ബന്ധപ്പെട്ട് സാമ്പിള്‍ ഐഎസ് 5339:2004 ന് അനുയോജ്യമല്ല’ എന്ന നിഗമനത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് പ്രസ്താവനയില്‍ പറയുന്നു. ഗുണനിലവാര പരിശോധനക്കായി പൂനെയില്‍ നിന്നും നാസിക്കില്‍ നിന്നും എഫ്.ഡി.എ ജോണ്‍സണ്‍സ് ബേബി പൗഡറിന്റെ സാമ്പിളുകള്‍ എടുത്തിട്ടുണ്ടെന്നും പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല. റിപ്പോര്‍ട്ടിനെ നിയമപരമായി നേരിടാനാണ് തീരുമാനം.