ഏഴു പതിറ്റാണ്ട് ഭരണാധിപയായിരുന്ന എലിസബത്ത് രാജ്ഞിക്ക് ഇന്ന് ബ്രിട്ടന്‍ ജനത വിടയേകും. സെപ്റ്റംബര്‍ എട്ടിനാണു രാജ്ഞി(96) അന്തരിച്ചത്. പതിനായിരങ്ങള്‍ മണിക്കൂറുകളോളം ക്യൂ നിന്നാണ് രാജ്ഞിക്ക് ആദരം അര്‍പ്പിച്ചത്. വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലാണു രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. തുടര്‍ന്ന് വിന്‍ഡ്‌സറിലെ ചാപ്പലില്‍ സംസ്‌കാരം നടക്കും. ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന് അരികെയാണു രാജ്ഞി അന്ത്യവിശ്രമം കൊള്ളുക.
വെസ്റ്റ് മിന്‍സ്റ്റര്‍ ആബെയില്‍ നടക്കുന്ന സംസ്‌കാരച്ചടങ്ങില്‍ ചാള്‍സ് മൂന്നാമനും മറ്റ് കുടുംബാംഗങ്ങളും ലോകനേതാക്കളുമടക്കം രണ്ടായിരത്തിലധികം പേര്‍ പങ്കെടുക്കും. രാജ്യം കണ്ട ഏറ്റവും വലിയ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈ ഡന്‍, സ്‌പെയിനിലെ രാജാവ് ഫിലിപ് ആറാമന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനോസ് തുടങ്ങിയവര്‍ ലണ്ടനില്‍ എത്തി.
സംസ്‌കാരച്ചടങ്ങുകളുടെ ഒരുക്കങ്ങള്‍ക്കായി തിങ്കള്‍ പ്രാദേശികസമയം രാവിലെ 6.30ന് സന്ദര്‍ശകരെ ഒഴിവാക്കും. ചടങ്ങുകള്‍ക്കൊടുവില്‍ രണ്ടുമിനിറ്റ് മൗനം ആചരിക്കും. പ്രാദേശിക സമയം 12.15ന് വെല്ലിങ്ടണ്‍ ആര്‍ച്ചിലേക്ക് കുതിരവണ്ടിയില്‍ ശവപ്പെട്ടിയും വഹിച്ചുള്ള വിലാപയാത്ര തുടങ്ങും. വിന്‍ഡ്‌സര്‍ കൊട്ടാരത്തിലെ സെയ്ന്റ് ജോര്‍ജ് ചാപ്പലില്‍ മൃതദേഹം അടക്കം ചെയ്യും. ശവസംസ്‌കാര ചടങ്ങില്‍ സമ്പൂര്‍ണ നിശ്ശബ്ദതയ്ക്കുവേണ്ടി ഹീത്രോവിമാനത്താവളത്തിലെ നൂറിലധികം വിമാന സര്‍വീസ് റദ്ദാക്കി. സംസ്‌കാരച്ചടങ്ങുകളുടെ തത്സമയ സംപ്രേഷണം 125 തിയറ്ററിലും ബ്രിട്ടനിലെ എല്ലാ പാര്‍ക്കുകളിലുമുണ്ടാകും.