യുക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയന് ആവശ്യപ്പെട്ടു. യുക്രേനിയന്‍ സൈന്യം അടുത്തിടെ മോചിപ്പിച്ച പട്ടണമായ ഇസിയത്തില്‍ നൂറുകണക്കിന് ശവക്കുഴികള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഈ ആവശ്യം ഉയര്‍ന്നു വന്നത്.
ഈ നൂറ്റാണ്ടില്‍ സാധാരണക്കാര്‍ക്കു നേരെ ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്നത് ചിന്തിക്കാന്‍ പോലുമാകാത്തതാണെന്നും എല്ലാ യുദ്ധക്കുറ്റവാളികളുടെയും ശിക്ഷയ്ക്കായി ഞങ്ങള്‍ നിലകൊള്ളുന്നുവെന്നും യൂണിയന്റെ അധ്യക്ഷ പദവിയിലുള്ള ചെക്ക് റിപ്പബ്ലിക് വിദേശകാര്യ മന്ത്രി ജാന്‍ ലിപാവ്സ്കി പറഞ്ഞു.
ഇതുവരെ 59 മൃതദേഹങ്ങള്‍ പുറത്തെടുത്ത ഇസിയത്തില്‍ യുദ്ധക്കുറ്റങ്ങള്‍ നടന്നിട്ടുണ്ടെന്ന് യുക്രെയ്ന് വിശ്വസിക്കുന്നു. ഖാര്‍കിവ് മേഖലയിലെ ഇസിയമില് അടക്കം ചെയ്ത ആളുകള്‍ക്കെതിരെ ഉപയോഗിച്ച പീഡനത്തിന്റെ പുതിയ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി ശനിയാഴ്ച വൈകുന്നേരം തന്റെ പതിവ് പ്രസംഗത്തില്‍, യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി പറഞ്ഞു.
”ഖാര്‍കിവ് മേഖലയിലെ വിമോചിത പ്രദേശങ്ങളിലും വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും ഇതിനകം 10 ലധികം പീഡന മുറികള്‍ കണ്ടെത്തിയിട്ടുണ്ട്,” സെലെന്‍സ്കി പറഞ്ഞു. യുദ്ധഭൂമിയിലും കോടതിമുറികളിലും റഷ്യക്കാര്‍ ഉത്തരം പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യയില്‍ നിന്ന് വിജയകരമായി പ്രദേശം തിരിച്ചുപിടിച്ചതിന് ശേഷം രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ ഉക്രേനിയന്‍ സൈന്യം പ്രത്യാക്രമണം തുടരുന്നതിനിടെയാണ് ശ്മശാന സ്ഥലങ്ങള്‍ കണ്ടെത്തിയത്.