യുക്രൈനില്‍ വീണ്ടും ആണവ നിലയത്തിനു നേരെ റഷ്യ മിസൈല്‍ ആക്രമണം നടത്തി. ആണവനിലയത്തിനു കേടുപാടു സംഭവിച്ചില്ലെങ്കിലും തൊട്ടടുത്തുള്ള വ്യവസായസമുച്ചയത്തിനു നാശനഷ്ടം സംഭവിച്ചു. റഷ്യന്‍ ആക്രമണത്തെ ആണവഭീകരതയെന്നാണു യുക്രെയ്ന് വിശേഷിപ്പിച്ചത്.
സൗത്ത് യുക്രെയ്ന് ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ് എന്നും അറിയപ്പെടുന്ന ആണവനിലയത്തിന്റെ 300 മീറ്റര്‍ അടുത്താണ് മിസൈല്‍ പതിച്ചത്. മിഖോലവ് മേഖലയിലുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ ആണവ നിലയമാണിത്.
യുക്രെയ്ന് സൈന്യത്തിന്റെ അപ്രതീക്ഷിത മുന്നേറ്റത്തിന് പിന്നാലെ ആക്രമണം കടുപ്പിക്കുമെന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ മുന്നറിയിപ്പിനു ശേഷമാണ് ആണവനിലയത്തിനു നേരേ ആക്രമണമുണ്ടായത്. എന്നാല്‍, ആക്രമണത്തെക്കുറിച്ച് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചില്ല.
റഷ്യ ഇപ്പോള്‍ യുക്രൈനിലെ ജനവാസകേന്ദ്രങ്ങളില്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ നടന്ന ആക്രമണത്തില്‍ എട്ടു സാധാരണക്കാര്‍ക്കു ജീവഹാനി നേരിട്ടുവെന്നും 22 പേര്‍ക്കു പരിക്കേറ്റുവെന്നും യുക്രെയ്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.