Monday, November 25, 2024

77 ാമത് യുഎന്‍ ജനറല്‍ അസംബ്ലിക്ക് ന്യൂയോര്‍ക്കില്‍ തുടക്കമായി

77ാമത് ഐക്യരാഷ്ട്ര സംഘടന (യുഎന്‍) ജനറല്‍ അസംബ്ലി ഉന്നതതല യോഗത്തിന് ഇന്നലെ ന്യൂയോര്‍ക്കില്‍ തുടക്കമായി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം യുക്രൈനൊഴികെയുള്ള രാജ്യങ്ങളുടെ പ്രതിനിധികള്‍ നേരിട്ടാണ് പങ്കെടുക്കുന്നത്. യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ സെലന്‍സ്‌കി ഇന്ന് ഉച്ചതിരിഞ്ഞ് വീഡിയോ സന്ദേശത്തിലൂടെ അസംബ്ലിയെ അഭിസംബോധന ചെയ്യും.

ഇന്ത്യയ്ക്കു വേണ്ടി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് പങ്കെടുക്കുന്നത്. ജനറല്‍ അസംബ്ലിയെ 24 ന് ജയശങ്കര്‍ അഭിസംബോധന ചെയ്യും. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായും കൂടിക്കാഴ്ച നടത്തും. 193 യുഎന്‍ അംഗരാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാരോ ഉന്നത പ്രതിനിധികളോ ആണ് അസംബ്ലിയില്‍ പങ്കെടുക്കുന്നത്.

യുഎന്‍ ജനറല്‍ അസംബ്ലിയുടെ 77 ാം സെഷന് സെപ്റ്റംബര്‍ 13 ന് ന്യൂയോര്‍ക്കില്‍ തുടക്കമായെങ്കിലും ഉന്നതതല ചര്‍ച്ചകള്‍ ഇന്നലെയാണ് ആരംഭിച്ചത്. 26 വരെ ഇത് തുടരും. 150 ലേറെ പ്രതിനിധികള്‍ പ്രസംഗിക്കും. യുക്രൈന്‍ അധിനിവേശം, കാലാവസ്ഥാ വ്യതിയാനം, വിദ്യാഭ്യാസം, ലിംഗസമത്വം തുടങ്ങിയവയാണ് പ്രധാന അജണ്ടകള്‍.

Latest News