Monday, November 25, 2024

അധിനിവേശ പ്രദേശങ്ങളില്‍ ഹിതപരിശോധനയ്ക്ക് റഷ്യന്‍ നീക്കം

കിഴക്കന്‍ യുക്രെയ്‌നിലെ റഷ്യന്‍ അനുകൂലികള്‍ക്ക് സ്വാധീനമുള്ള ഡോണറ്റ്‌സ്‌ക്, ലുഹാന്‍സ് പ്രവിശ്യകള്‍ റഷ്യയില്‍ ചേരുന്നതിനായി ഹിതപരിശോധന നടത്താന്‍ റഷ്യ ഒരുങ്ങുന്നു.

രണ്ടു സ്ഥലങ്ങളിലും 23നും 27നും ഇടയ്ക്കു ഹിതപരിശോധന നടന്നേക്കുമെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ പട്ടാളം പിടിച്ചെടുത്ത ഖേര്‍സണ്‍, സാപ്പോറിഷ്യ പ്രദേശങ്ങളിലും ഹിതപരിശോധന നടത്താന്‍ നീക്കമുണ്ട്.

ഫലം അന്തിമമായിരിക്കുമെന്ന് റഷ്യയുടെ മുന്‍ പ്രസിഡന്റും സുരക്ഷാമിതിയുടെ ഡപ്യൂട്ടി ചെയര്‍മാനുമായ ദിമിത്രി മെദ്വദെവ് വ്യക്തമാക്കി. ഈ ഹിതപരിശോധന ഒരു മാറ്റവും കൊണ്ടുവരാന്‍ പോകുന്നില്ലെന്ന് യുക്രൈന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ തിരിച്ചടിച്ചു.

വോട്ടെടുപ്പുഫലം റഷ്യയ്ക്ക് അനുകൂലമായാല്‍ യുക്രൈന്റെ 15 ശതമാനം ഭൂപ്രദേശങ്ങള്‍ റഷ്യന്‍ ഫെഡറേഷന്റെ ഭാഗമാകും. യുക്രൈന്റെ ഭാഗമായ ക്രൈമിയയെ 2014 ല്‍ റഷ്യ കൈവശപ്പെടുത്തിയത് ഹിതപരിശോധന നടത്തി ഔപചാരിക പിന്തുണ നേടിയായിരുന്നു.

ഡോണറ്റ്‌സ്‌കും ലുഹാന്‍സ്‌കും ചേരുന്ന ഡോണ്‍ബാസ് മേഖല മുഴുവനായി യുക്രെയ്‌നില്‍നിന്നു പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് റഷ്യന്‍ പട്ടാളം. അടുത്തിടെ റഷ്യന്‍ പട്ടാളത്തിനു വന്‍ തിരിച്ചടികള്‍ നേരിട്ടിരുന്നു. യുക്രെയ്ന്‍ സേന ലുഹാന്‍സ്‌കിന്റെ അതിര്‍ത്തി വരെ എത്തിയിയിട്ടുണ്ട്.

 

Latest News