Tuesday, November 26, 2024

പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള നടപടി സമൂഹത്തിലെ രക്തച്ചൊരിച്ചില്‍ തടയാന്‍; കോടതിയില്‍ എന്‍ഐഎയുടെ റിപ്പോര്‍ട്ട്

സമൂഹത്തില്‍ അക്രമങ്ങളും കുറ്റകൃത്യങ്ങളും നടത്തുന്നതില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) വളരെയധികം മുന്‍പന്തിയിലാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വ്യാഴാഴ്ച എറണാകുളം എന്‍ഐഎ പ്രത്യേക കോടതി മുമ്പാകെ വെളിപ്പെടുത്തിയതായി ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു.

ഒരു പ്രത്യേക സമുദായത്തിലെ പ്രമുഖ നേതാക്കളെ ലക്ഷ്യമാക്കി പിഎഫ്‌ഐ തയാറാക്കിയ ‘ഹിറ്റ് ലിസ്റ്റ്’ ( വധിക്കപ്പെടേണ്ടവരുടെ പട്ടിക) എന്‍ഐഎ കണ്ടെത്തിയിരുന്നു. വളരെ നിര്‍ണായകമായ വസ്തുതകളാണ് പിടിച്ചെടുത്ത രേഖകളിലുള്ളതെന്നും പിഎഫ്ഐ, വിവിധ സമുദായങ്ങള്‍ക്കിടയില്‍ അതിക്രമങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഏറെ മുന്നിലാണെന്ന് പിടിച്ചെടുത്ത ഹിറ്റ് ലിസ്റ്റ് വ്യക്തമാക്കുന്നതായും എന്‍ഐഎ കോടതിയില്‍ പറഞ്ഞു. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിനും സമൂഹത്തില്‍ രക്തച്ചൊരിച്ചില്‍ തടയാനും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും എന്‍ഐഎയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊതു സമാധാനാന്തരീക്ഷം തകര്‍ക്കുക എന്ന ഉദ്ദേശത്തോടെ വിവിധ മതസ്ഥരും ഗ്രൂപ്പുകളും തമ്മില്‍ ശത്രുത സൃഷ്ടിച്ചും ഐക്യത്തിന് വിഘാതം സൃഷ്ടിച്ചും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കേരളത്തിലെ പിഎഫ്‌ഐയും അതിന്റെ ഭാരവാഹികളും അംഗങ്ങളും അനുബന്ധ സംഘടനകളും ഗൂഢാലോചന നടത്തിയതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ക്രിമിനല്‍ നടപടികളെ ന്യായീകരിക്കുന്ന ഒരു ബദല്‍ നീതിന്യായ വിതരണ സംവിധാനം പ്രചരിപ്പിച്ച് ഇന്ത്യയ്ക്കെതിരെ അതൃപ്തി ഉളവാക്കാനും അവര്‍ ലക്ഷ്യം വച്ചതായി എന്‍ഐഎ വ്യക്തമാക്കുന്നു.

ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി), ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്), അല്‍-ഖ്വയ്ദ എന്നിവയുള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളില്‍ ചേരാന്‍ യുവാക്കളെ സംഘടന പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ അക്രമത്തിന്റെ ഭാഗമായി ഭീകരപ്രവര്‍ത്തനം നടത്തി ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ഗൂഢാലോചന നടത്തി. ഭരണകൂടത്തിനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ വിദ്വേഷം സൃഷ്ടിക്കുന്നതിനായി സര്‍ക്കാര്‍ നയങ്ങളെ തെറ്റായി ഒരു പ്രത്യേക വിഭാഗം ആളുകള്‍ക്ക് വ്യാഖ്യാനിച്ച് കൊടുത്ത് പിഎഫ്‌ഐ ഇന്ത്യയ്ക്കെതിരെ അതൃപ്തി പടര്‍ത്തുന്നു.

അന്വേഷണത്തില്‍ ചില സുപ്രധാന രേഖകളും അന്വേഷണ ആവശ്യത്തിനുള്ള തെളിവായ ഡിജിറ്റല്‍ ഉപകരണങ്ങളും/ലേഖനങ്ങളും പിടിച്ചെടുത്തതായി എന്‍ഐഎ കോടതിയില്‍ പറഞ്ഞു. കുറ്റകൃത്യത്തിന് പിന്നിലെ വലിയ ഗൂഢാലോചനയുടെ ചുരുളഴിയുന്നതിനും കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ കണ്ടെത്തുന്നതിനും ഇത് വഴിയൊരുക്കുമെന്നും അവര്‍ പറഞ്ഞു. പൊതുജനങ്ങളുടെ മനസ്സില്‍ ഭയം സൃഷ്ടിക്കുന്നതിനൊപ്പം സമൂഹത്തിലെ മറ്റ് മതവിഭാഗങ്ങളെ ഭയപ്പെടുത്തുന്നതിന് പ്രതികള്‍ സംഘടിത കുറ്റകൃത്യങ്ങളിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ആവര്‍ത്തിച്ച് സജീവമായി ഏര്‍പ്പെട്ടിരുന്നുവെന്നും എന്‍ഐഎ വെളിപ്പെടുത്തി.

‘കുറ്റകൃത്യത്തിന്റെ ഭാഗമായി പ്രതികള്‍ അവരുടെ രഹസ്യ ആശയവിനിമയം നടത്താന്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ചു. പരിശോധനയ്ക്കിടെ പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിശകലനം ചെയ്യേണ്ടതുണ്ട്. കുറ്റാരോപിതരും കൂട്ടാളികളും കൈക്കൊള്ളുന്ന നിലപാട് സാധാരണക്കാരന് ഭീഷണിയായി നില്‍ക്കുന്നു. വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് പ്രതികള്‍ സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം വ്യക്തമാക്കുന്നു’. എന്‍ഐഎ കോടതിയില്‍ പറഞ്ഞു.

Latest News