പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ആക്രമണസംഭവങ്ങളില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. നിരോധിച്ചിട്ടും ഹര്‍ത്താല്‍ നടത്തിയെന്നും മിന്നല്‍ ഹര്‍ത്താല്‍ കോടതിയലക്ഷ്യമാണെന്നും കോടതി അറിയിച്ചു. അക്രമം തടയാന്‍ അടിയന്തര നടപടി എടുക്കാനും ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. പൊതുഗതാഗതത്തിന് സുരക്ഷയൊരുക്കണമെന്നും പൊതു-സ്വകാര്യ സ്വത്ത് സംരക്ഷിക്കാന്‍ നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഹര്‍ത്താല്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സംസ്ഥാനത്തുടനീളം കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപക കല്ലേറുണ്ടായി. അക്രമസാധ്യത കണക്കിലെടുത്ത് പലയിടങ്ങളിലും പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. കോഴിക്കോട്, വയനാട്, തിരുവനന്തപുരം, ആലപ്പുഴ, പന്തളം, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. കണ്ണൂരില്‍ രണ്ടിടങ്ങളില്‍ കല്ലേറ് ഉണ്ടായി.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍. കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ സംസ്ഥാന നേതാക്കളെ എന്‍ഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയാണെന്ന്് പോപ്പുലര്‍ ഫ്രണ്ട് വിമര്‍ശിച്ചു. ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.